രാഹുലിനെ മാറ്റി അഭിമന്യു ഈശ്വരന് ടീമിൽ ഇടം നൽകണം; മനോജ് തിവാരി
ന്യുസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെ കെ എൽ രാഹുലിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുലിന് പകരമായി ആഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല ഫോമിലുള്ള അഭിമന്യു ഈശ്വരന് അവസരം നൽകണമെന്നാണ് മുൻ താരം മനോജ് തിവാരിയുടെ അഭിപ്രായം.
91 ഇന്നിംഗ്സുകൾ കളിച്ച ഒരു ബാറ്റർക്ക് 33.92 മാത്രമാണ് ശരാശരി. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന നിരവധി താരങ്ങളുണ്ട്. പിന്നെ എന്തുകൊണ്ടാണ് കെ എൽ രാഹുലിന്റെ സ്ഥാനത്തിൽ മാറ്റം വരുത്താത്തത്?; അഭിമുഖത്തിലൂടെയാണ് മനോജ് തിവാരി അഭിപ്രായം പറഞ്ഞത്.
ഒരു ടെസ്റ്റ് മത്സരത്തിൽ സർഫ്രാസ് ഖാനെ നാലാം നമ്പറിൽ ബാറ്റ് ചെയ്യിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും ഇന്ത്യൻ ക്രിക്കറ്റിന് കഴിഞ്ഞു. അഭിമന്യു ഈശ്വരൻ ഒരു ഓപണിങ് ബാറ്ററാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി സെഞ്ച്വറികളില്ലാത്ത ഇന്നിംഗ്സുകൾ അഭിമന്യു കളിച്ചിട്ടില്ല. തീർച്ചയായും ഇന്ത്യൻ ടീമിന്റെ മധ്യനിരയിൽ അഭിമന്യുവിന് ഒരു അവസരം കൊടുക്കാൻ കഴിയും. മനോജ് തിവാരി വ്യക്തമാക്കി.
ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ രാഹുലിന് റൺസൊന്നും എടുക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം ഇന്നിംഗ്സിൽ 12 റൺസ് മാത്രമാണ് രാഹുൽ നേടിയത്. കഴിഞ്ഞ വർഷം ഡിസംബർ 26ന് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിലാണ് രാഹുൽ ഒടുവിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. പിന്നീട് ഇന്ത്യൻ ടീമിൽ മികച്ച പ്രകടനങ്ങൾ നടത്താൻ രാഹുലിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് താരത്തിനെതിരെ വിമർശനം ശക്തമാകുന്നത്.