അഭിമന്യൂ ഈശ്വരന്‍ ഇനിയും കാത്തിരിക്കണം; മടങ്ങുന്നത് അഞ്ച് ടെസ്റ്റിലും അവസരം ലഭിക്കാതെ

ലണ്ടന്‍: ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാനുള്ള അഭിമന്യൂ ഈശ്വരന്റെ കാത്തിരിപ്പ് തുടരുന്നു. ഓവല്‍ ടെസ്റ്റിലും അഭിമന്യൂവിന് ഇലവനില്‍ ഇടം പിടിക്കാനായില്ല. അഭിമന്യൂ ഈശ്വരനോളം ദൗര്‍ഭാഗ്യവാന്‍ ആയൊരു താരം സമീപകാല ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ടാവില്ല. ദേശീയ ടീമില്‍ എത്തി 961 ദിവസം കഴിഞ്ഞിട്ടും അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ബംഗാള്‍ ഓപ്പണര്‍. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രാഫി പരമ്പയിലെ ഒറ്റ ടെസ്റ്റിലും ഭിമന്യൂവിന് അവസരം കിട്ടിയില്ല. സീനിയര്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുന്നേ തുടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ നായകനായി ബിസിസിഐ തെരഞ്ഞെടുത്തത് അഭിമന്യൂവിനെ ആയിരുന്നു. ഈ പരമ്പരയില്‍ സീനിയര്‍ താരങ്ങളെയടക്കം നയിച്ചെങ്കിലും ഇംഗ്ലണ്ടിന് എതിരായ അഞ്ച് ടെസ്റ്റിലും ബെഞ്ചില്‍ ഇരിക്കാനായിരുന്നു അഭിമന്യൂവിന്റെ വിധി. അഭിമന്യൂ ആദ്യമായി ഇന്ത്യന്‍ ടീമില്‍ എത്തുന്നത് 2022 ഡിംസബറില്‍. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കിടെ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റപ്പോള്‍. അഭിമന്യൂ ടീമില്‍ എത്തിയതിന് ശേഷം ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത് ഒന്നും രണ്ടുമല്ല, പതിനഞ്ചുപേര്‍.
കെഎസ് ഭരത്, സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്സ്വാള്‍, ഇഷാന്‍ കിഷന്‍, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ, രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആകാശ് ദീപ്, ദേവദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, സായ് സുദര്‍ശന്‍. ഏറ്റവും ഒടുവില്‍ അന്‍ഷുല്‍ കംബോജ് എന്നിവര്‍ അരങ്ങേറ്റം കുറിക്കുന്നത് കണ്ടുനില്‍ക്കാനേ അഭിമന്യൂവിന് കഴിഞ്ഞുള്ളൂ. ബംഗാള്‍ താരം ഇന്ത്യന്‍ ടീമിലെത്തിയത് ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 103 മത്സരങ്ങളില്‍ 27 സെഞ്ച്വറിയും 31 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ അഭിമന്യൂ നേടിയത് 7841 റണ്‍സ്. അഭിമന്യൂവിനൊപ്പം കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിംഗും ഇംഗ്ലണ്ട് പരമ്പരയില്‍ ഒറ്റക്കളിയിലും അവസരം കിട്ടാതെയാണ് മടങ്ങുന്നത്.