14 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 70 വർഷം തടവ്
മലപ്പുറം: വീട്ടില്‍ അതിക്രമിച്ച് കയറി പതിനാലുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവിനെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജാണു 70 വര്‍ഷം കഠിന തടവിനും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷനില്‍ മേടയില്‍ അല്‍അമീന്‍ (36) നെയാണ് ശിക്ഷിച്ചത്. 2020 ഒക്ടോബര്‍ ഒമ്പതിനും നവംബര്‍ 13 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം.
പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ആറ് മാസവും അധിക കഠിന തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) 449 പ്രകാരം 10 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും ഐപിസി 376 പ്രകാരം 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും രണ്ട് പോക്സോ വകുപ്പ് അനുസരിച്ച് 40 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
പ്രതി പിഴയടയ്ക്കുന്ന പക്ഷം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. വണ്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സുനില്‍ പുളിക്കല്‍, ഗോപകുമാര്‍, ദിനേശ് കോറോത്ത് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 16സാക്ഷികളെ വിസ്തരിച്ചു. 34 രേഖകള്‍ ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.