സരിൻ്റെ പ്രചരണത്തിന് സ്വർണം പൊട്ടിക്കൽ കേസ് പ്രതിയും; പുതിയ വിവാദം
പാലക്കാട്: പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണകവര്‍ച്ചാ കേസ് പ്രതിയും പങ്കെടുത്തെന്ന് കോണ്‍ഗ്രസ്. അര്‍ജുന്‍ ആയങ്കി പ്രതിയായ കേസിലെ പ്രതി ബവീര്‍ പ്രചാരണത്തിലുള്ളതായാണ് ആരോപണം. എന്നാല്‍, ബവീറുമായി ബന്ധമില്ലെന്നാണ് സി.പി.എം. വിശദീകരണം.
‘ബവീര്‍ പ്രതിയായ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അന്ന് സി.പി.എമ്മില്‍നിന്ന് പുറത്താക്കിയെന്ന് പറഞ്ഞു. ഇപ്പോഴും അദ്ദേഹം സി.പി.എമ്മിന്റെ സജീവ അംഗമാണ്. സി.പി.എം. പാലക്കാട് എന്ന ഫെയ്സ്ബുക്ക് പേജ് നോക്കിയാല്‍ അതില്‍ മുഴുവന്‍ സമയം സരിനൊപ്പം ബവീറിനെ കാണാം. അര്‍ജുന്‍ ആയങ്കി ചിറ്റൂരില്‍ വന്ന് കേന്ദ്രീകരിച്ച് ചെയ്ത കുറ്റകൃത്യമാണ്. ഈ കേസിലാണ് ബബീര്‍ പ്രതിയായത്’, കോണ്‍ഗ്രസ് നേതാവ് സുമേഷ് അച്യുതന്‍ പറഞ്ഞു.
സ്വര്‍ണ വ്യാപാരിയെ ബസില്‍നിന്ന് ഇറക്കിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസിലാണ് ബവീര്‍ അറസ്റ്റിലായത്. 30 ലക്ഷം രൂപയുടെ സ്വര്‍ണവും 23,000 രൂപയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. ബവീറുമായി ഒരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് ചുമതലകളൊന്നും നല്‍കിയിട്ടില്ലെന്നും സിപിഎം പറയുന്നു. വീഡിയോയില്‍ ബവീര്‍ എങ്ങനെ വന്നുവെന്നറിയില്ലെന്നാണ് സിപിഎം വിശദീകരിക്കുന്നത്.