വയനാട്ടിൽ ഹർത്താൽ തുടങ്ങി, വാഹനങ്ങൾ തടഞ്ഞ് പ്രവർത്തകർ
വയനാട് ജില്ലയില്‍ എല്‍ ഡി എഫും യു ഡി എഫും ആഹ്വാനം ചെയ്ത ഹർത്താല്‍ തുടങ്ങി. ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരോട് കേന്ദ്ര സക്കാർ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇരുമുന്നണികളും ഹർത്താല്‍ പ്രഖ്യാപിച്ചത്. ലക്കിടിയില്‍ യു ഡി എഫ് പ്രവർത്തകർ ഹർത്താല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വാഹനങ്ങള്‍ തടഞ്ഞ് തുടങ്ങിയിട്ടുണ്ട്.
നാനൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനോടുള്ള പ്രതിഷേധക സൂചകമായി ഇരു മുന്നണികളും ഹർത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര സർക്കാറിനൊപ്പം സംസ്ഥാന സർക്കാറിനെതിരേയും യു ഡി എഫ് രൂക്ഷമായ വിമർശനം ഉന്നയിക്കുന്നു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹർത്താല്‍. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു. രാവിലെ പത്ത് മണിയോടെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ മാർച്ച് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എല്‍ ഡി എഫും പ്രകടനവുമുണ്ടാകും. പോലീസ് സംരക്ഷണത്തില്‍ ദീർഘദൂര ബസ്സുകള്‍ സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മറുപടി കത്ത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കൈമാറി. ദുരന്തമുണ്ടാകുന്ന സമയത്ത് ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. കേരളത്തിന്റെ കൈയില്‍ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടു.
അതേസമയം, ബിഹാർ, ആന്ധ്ര ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പ്രത്യേക സാമ്പത്തിക സഹായം കേരളത്തിന് എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടില്‍ കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്നായിരുന്നു കേരള ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.
കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും. മലയാളികളോട് ഇത്ര വൈരാഗ്യം എന്തിനാണ്? വയനാട് ദുരന്ത ബാധിതർക്ക് സഹായം നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള അനീതിയാണ്. തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലർന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.