നായിക മീനാക്ഷി ചൗധരിയും നടൻ സുഷാന്തും വിവാഹിതരാകുന്നുവെന്ന് അഭ്യൂഹം; കഴമ്പില്ലെന്ന് നടി
തെന്നിന്ത്യൻ നായിക മീനാക്ഷി ചൗധരിയും അക്കിനേനി കുടുംബാംഗവും നടനുമായ സുഷാന്തും വിവാഹിതരാകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ആ അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്ന് നടി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഈ അഭ്യൂഹങ്ങൾ എവിടെ നിന്ന് ആരംഭിച്ചുവെന്ന് തനിക്ക് അറിയില്ല. എന്നാൽ സിനിമയിൽ മാത്രമാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് നടി വ്യക്തമാക്കി. മെക്കാനിക്ക് റോക്കി എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിലാണ് മീനാക്ഷി ചൗധരിയുടെ പ്രതികരണം.
‘എവിടെ നിന്നാണ് ഇത്തരം അഭ്യൂഹങ്ങൾ വരുന്നത് എന്ന് എനിക്ക് അറിയില്ല. തത്കാലം ഞാൻ സിംഗിൾ ആണ്. എന്റെ ശ്രദ്ധ മുഴുവൻ സിനിമയിലുമാണ്. കൈയിൽ ഇത്രയധികം സിനിമകളുള്ളപ്പോൾ എനിക്ക് അത്തരം കാര്യങ്ങൾക്ക് സമയമില്ല,’ എന്ന് മീനാക്ഷി ചൗധരി പറഞ്ഞു. നടൻ നാഗാർജുനയുടെ സഹോദരി പുത്രനും നാഗ ചൈതന്യയുടെ കസിനുമാണ് സുഷാന്ത്.
നിലവിൽ ലക്കി ഭാസ്കർ എന്ന ചിത്രമാണ് മീനാക്ഷി ചൗധരിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ദുൽഖർ സൽമാൻ നായകനായെത്തിയ സിനിമയിൽ സുമതി എന്ന നായിക കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തെലുങ്കിൽ റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തിൽ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു.
ഗോട്ട് എന്ന വിജയ് ചിത്രത്തിലും മീനാക്ഷി ഭാഗമായിരുന്നു. വിജയ് ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ ശ്രീനിധി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 400 കോടിയിലധികം രൂപയാണ് നേടിയത്. നിലവിൽ കോളിവുഡിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഗോട്ട്.