അഭിഭാഷക പാനൽ വിവാദം; മറുപടിയുമായി ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: എൻഎച്ച്എ അഭിഭാഷക പാനൽ രാഷ്ട്രീയ നിയമനമല്ലെന്ന് ചാണ്ടി ഉമ്മൻ. പട്ടികയിൽ സിപിഐഎമ്മുകാരുമുണ്ടെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ ഫേമിൻ്റെ പേരിലാണ് അപേക്ഷ നൽകിയത്. ആലപ്പുഴ ജില്ലയുടെ പാനലിലാണ് തന്നെ ഉൾപ്പെടുത്തിയത്. എൻഎച്ച്എയുടെ ഒരു കേസിൽ പോലും ആയിട്ടില്ല. എൻഎച്ച്എ ഒരു കേരള രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപനമല്ല. തന്നെ ഇപ്പോൾ എൻഎച്ച്എ അഭിഭാഷക പാനലിൽ നിന്നും പുറത്താക്കിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
നാഷണൽ ഹൈവേ അതോറിറ്റി വിഭാഗത്തിലാണ് കേന്ദ്ര സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മന്റെ പേരുണ്ടായിരുന്നത്. താൻ പാനലിൽ ഉണ്ടായിരുന്നുവെന്നും പുതുക്കി ഇറക്കിയപ്പോൾ തെറ്റിയതാകാമെന്നുമാണ് മുൻപ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. 63 അംഗ പാനലിൽ പത്തൊമ്പതാമനായിട്ടാണ് ചാണ്ടി ഉമ്മൻ എംഎൽഎയുടെ പേരുള്ളത്. എൻഡിഎ ഭരിക്കുമ്പോൾ കോൺഗ്രസ് നേതാവിന്റെ പേര് എങ്ങനെ പട്ടികയിൽ ഉൾപ്പെട്ടു എന്ന ചോദ്യം ശക്തമായിരുന്നു.