12 വര്‍ഷത്തിനുശേഷം അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്
വീണ്ടും അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. 12 വര്‍ഷത്തിനുശേഷമാണ് അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബുധനാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തിൽ ചര്‍ച്ചചെയ്യും. ദേവസ്വംബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ലോക്കറ്റ് വീണ്ടും ഇറക്കുന്നത്. ഒരുഗ്രാം മുതല്‍ എട്ടുഗ്രാംവരെ വിവിധ തൂക്കത്തിലുള്ള ലോക്കറ്റുകളാണ് തയ്യാറാക്കാനൊരുങ്ങുന്നത്. ഇത്തവണ കരാറുകാര്‍തന്നെയാണ് സ്വര്‍ണംവാങ്ങി പണിയേണ്ടത്.
2011-12 വർഷങ്ങളിലാണ് അവസാനമായി ലോക്കറ്റ് വിതരണം നടന്നത്. 2011-ല്‍ ഒരുവശത്ത് അയ്യപ്പന്റെയും മറുവശത്ത് ഗണപതിയുടെയും രൂപങ്ങള്‍ ആലേഖനം ചെയ്ത വെള്ളിയില്‍ പണിതവയും ചെമ്പില്‍ സ്വര്‍ണം പൂശിയവയുമായ ലോക്കറ്റുകളാണ് വിതരണം ചെയ്തിരുന്നത്. 500 രൂപയായിരുന്നു അന്ന് സ്വര്‍ണം പൂശിയ ലോക്കറ്റുകളുടെ വില. ഇത്തവണ പൂര്‍ണമായും സ്വര്‍ണത്തിലാണ് ലോക്കറ്റുകൾ നിര്‍മിക്കുക.
സ്വര്‍ണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി ഏറ്റവും കുറഞ്ഞനിരക്കില്‍ ചെയ്യാന്‍ സന്നദ്ധരായവരെ ഇതിനായി പരിഗണിക്കുമെന്നും പ്രമുഖ ജൂവലറികള്‍ ലോക്കറ്റ് പണിതുനല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡംഗം അഡ്വ. എ. അജികുമാര്‍ പ്രതികരിച്ചു. ഭക്തരുടെ ആവശ്യം പരിഗണിച്ചുകൊണ്ട് ലോക്കറ്റിന്റെ വിതരണം ഈ സീസണില്‍ത്തന്നെ ആരംഭിക്കാനാണ് ബോര്‍ഡിന്റെ ശ്രമം. മുമ്പ് പലപ്പോഴും ദേവസ്വത്തിന്റെ പക്കലുള്ള സ്വര്‍ണം, ലോക്കറ്റ് നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നു.