പ്രതിയെ ചോദ്യം ചെയ്തതോടെ വീട്ടിലൊളിപ്പിച്ച കഞ്ചാവ് ശേഖരം പിടികൂടി
കോഴിക്കോട് രാമനാട്ടുകരയിലെ മേല്‍പ്പാലത്തിന് സമീപം വെച്ച് കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയ പ്രതിയുടെ താമസസ്ഥലത്ത് നിന്ന് വീണ്ടും കഞ്ചാവ് കണ്ടെടുത്തു. ഇയാള്‍ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
കാസർകോട് ബദിയടുക്ക കോബ്രജ ഹൗസില്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരം ഫറോക്ക് പൊലീസിനും ഡാൻസാഫിനും ലഭിച്ചത്. തുടർന്ന് പ്രതിയെ കുറ്റിക്കാട്ടൂരിലെ സ്വകാര്യ കെട്ടിടത്തില്‍ എത്തിച്ച് മുറി തുറന്നു പരിശോധിച്ചപ്പോഴാണ് പൊതിഞ്ഞുവെച്ച നിലയില്‍ ഏഴ് കിലോ മുന്നൂറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വലിയതോതില്‍ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി.