അഹമ്മദാബാദ് വിമാനാപകടം: രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായിട്ടുണ്ടാകാമെന്ന് പ്രാഥമിക നിഗമനം

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാന അപകടത്തിന്റെ പ്രധാന കാരണം ഒരേസമയം രണ്ട് എഞ്ചിനുകളിലും തകരാർ വന്നതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. എഞ്ചിൻ തകരാറാണ് അപകടത്തിനു കാരണമെന്നു എയർ ക്രാഷ് അന്വേഷണ വിഭാഗമായ എഎഐബി വ്യക്തമാക്കുന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണ സംഘം വിശദമായി പഠനം നടത്തി. അപകടത്തിന് വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല കാരണമായതെന്നും ലാൻഡിങ് ഗിയറിന്റെയും വിങ് ഫ്ലാപ്പുകളുടെയും പ്രവർത്തനങ്ങൾ പരിശോധിച്ചപ്പോഴും അവയിൽ കേടുകൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വിമാനം അപകടത്തിന് നിമിഷങ്ങൾ മുമ്പ് അതിന്റെ അടിയന്തര ഊർജസ്രോതസ്സായ റാം എയർ ടർബൈൻ (RAT) പ്രവർത്തനസജ്ജമായിരുന്നുവെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഇത്, വിമാനത്തിലെ രണ്ടു എഞ്ചിനുകളും ഒരേസമയം തകരാറിലായിരുന്നേക്കാമെന്ന സംശയത്തെ ശക്തിപ്പെടുത്തുന്നു. RAT സാധാരണയായി എഞ്ചിനുകൾ പ്രവർത്തനരഹിതമായ സാഹചര്യത്തിൽ മാത്രം സജ്ജമാകുന്നതിനാലാണ് ഈ നിഗമനം കൂടുതൽ പ്രാധാന്യം നേടുന്നത്.