വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം; ജീവനക്കാർക്കെതിരെ നടപടി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എഐഎസ്എടിഎസ് ഓഫീസിൽ ജീവനക്കാർ പാർട്ടി ആഘോഷിച്ച സംഭവത്തിൽ നടപടിയുമായി എയർ ഇന്ത്യ. എയർപോർട്ട് ഗേറ്റ്വേ സേവനങ്ങൾ നൽകുന്ന എഐഎസ്എടിഎസിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോലിസ്ഥലത്തിൽ നടന്ന പാർട്ടി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം കമ്പനി അറിയിച്ചു. അപകടത്തിനുശേഷം എഐഎസ്എടിഎസിൻ്റെ ഗുരുഗ്രാം ഓഫീസിൽ നടന്ന ആഘോഷ പരിപാടികൾ സമയോചിതമല്ലെന്നും അത് അത്യന്തം ദൗർഭാഗ്യകരമാണെന്നും കമ്പനി വക്താവ് അറിയിച്ചു. ബന്ധപ്പെട്ട ജീവനക്കാരുടെ പെരുമാറ്റം സ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി.