ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു
ഷിംല: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് എല്ലാ കമ്മിറ്റികളും എഐസിസി പിരിച്ചുവിട്ടത്. നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിങ് സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചു വിട്ട് പ്രവര്‍ത്തനത്തില്‍ സജീവമായ നേതാക്കളെ ഉള്‍പ്പെടുത്തി വിവിധ ഘടകങ്ങള്‍ പുതുതായി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് എഐസിസി നടപടിയെ കുറിച്ച് അറിയിച്ചത്. ഹിമാചലിലെ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെ കുറിച്ച് വിശദീകരിക്കുന്ന എഐസിസിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേരിലാണ് കത്ത്. പിസിസിയുടെ മുഴുവന്‍ സംസ്ഥാന ഘടകവും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിടാനുള്ള നിര്‍ദേശത്തിന് ബഹുമാനപ്പെട്ട കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അംഗീകാരം നല്‍കിയെന്നാണ് കത്തില്‍ പറയുന്നത്.