എന്തായാലും വീണു, അതൊരു ബ്രാൻഡ് ആക്കി വിജയ് ദേവരകൊണ്ട
സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം, അവരുടെ ചില പാളിച്ചകൾ, വീഴ്ചകൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. മുംബൈയിലെ ഒരു കോളേജില്‍ പ്രമോഷന്‍ പരിപാടിക്ക് എത്തിയ വിജയ് ദേവരകൊണ്ട പടിയിറങ്ങുമ്പോൾ തെന്നി വീണത് ആയിരുന്നു കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. നടൻ മയക്കുമരുന്നും മറ്റും ഉപയോഗിച്ചാണ് പരിപാടിക്കെത്തിയത് എന്നും അതുകാരണമാണ് നിലതെറ്റി വീണതെന്നുമുള്ള തരത്തിലാണ് വീഡിയോകള്‍ പ്രചരിച്ചിരുന്നത്.
എന്തായാലും വീണു, എന്നാൽ പിന്നെ അതൊരു ബ്രാൻഡ് ആക്കി കളയാം എന്ന് വിജയ് യും തീരുമാനിച്ചു. വീഴ്ചയെ ആഘോഷമാക്കിയവർക്കുള്ള കിടിലൻ മറുപടിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചത്. തന്റെ വീഴ്ചയെ നല്ല ബ്രാന്‍ഡ് പരസ്യമാക്കി മാറ്റിയിരിക്കുകയാണ് വിജയ്.
‘ഞാന്‍ വീണു, അത് വൈറലായി. ഇതാണ് റൗഡി ജീവിതം. ശക്തമായി വീഴൂ, എഴുന്നേല്‍ക്കുമ്പോള്‍ – പറക്കൂ. വലിയരീതിയില്‍ തോല്‍ക്കൂ, വിജയിക്കുമ്പോള്‍ വീണ്ടും മുന്നോട്ടുപോകാം. വീണു, വീഴുന്നു, വീണുകൊണ്ടേയിരിക്കുന്നു… എന്റെ റൗഡി പയ്യന്മാരോടും റൗഡി പെണ്‍കുട്ടികളോടുമുള്ള സ്‌നേഹത്തില്‍ വീണുകൊണ്ടേയിരിക്കുന്നു’ – വിജയ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കുറിച്ചു. ട്രോളുകൾക്ക് രസകരമായി മറുപടി നൽകിയ വിജയ്ക്ക് ആശംസകളുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. വിഡിയോയ്ക്ക് മികച്ച സ്വീകരണവും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുണ്ട്.