രാത്രി ഫോണിൽ മറ്റൊരാൾ വിളിച്ചതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊല്ലം: കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രനെന്നാണ് വിവരം. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന് വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല.
പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന് കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹം കെട്ടിവലിച്ചാണ് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്.
ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.
ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. കളഞ്ഞുകിട്ടിയ ഫോണ്‍ കെഎസ്ആർടിസി ജീവനക്കാരന് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും ചെന്നെത്തിയത് ജയചന്ദ്രനിലായിരുന്നു.
അതേസമയം വീട്ടില്‍ ആരെയും കൊണ്ടുവന്നതായി അറിയില്ലെന്ന് ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞു. താന്‍ വീട്ടുജോലിക്ക് പോകുന്ന ആളാണ്. രണ്ട് വര്‍ഷമായി വിജയലക്ഷ്മിയെ അറിയാമെന്നും സുനിമോള്‍ പറഞ്ഞു.