Latest News

ശ്രീകൃഷ്ണജയന്തി അവധിയാക്കിയ സി എച്ച് മുഹമ്മദ് കോയയുടെ മാതൃക പിന്തുടരാൻ ആഹ്വാനം ചെയ്ത് ലേഖനം; ശശി തരൂർ

 ശ്രീകൃഷ്ണജയന്തി അവധിയാക്കിയ സി എച്ച് മുഹമ്മദ് കോയയുടെ മാതൃക പിന്തുടരാൻ ആഹ്വാനം ചെയ്ത് ലേഖനം; ശശി തരൂർ

ശ്രീകൃഷ്ണ ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചത് സി എച്ച് മുഹമ്മദ് കോയ പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. സംസ്ഥാനത്തെ ഹിന്ദുജനസമാന്യത്തിനിടയിൽ‌ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു സിഎച്ചിന്റേതെന്നും ശശി തരൂര്‍ വ്യക്തമാക്കി. മുൻമുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ ജന്മവാർ‌ഷിക ദിനത്തിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലായിരുന്നു ശശി തരൂരിന്റെ പരാമർശം.
സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനാലാണ് സി എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രതന്ത്രജ്ഞത ഏറ്റവും നന്നായി തിളങ്ങിയത്. ഒരു പ്രമുഖ മുസ്ലിം നേതാവ് എന്ന നിലയിൽ സമുദായങ്ങൾക്കിടയിൽ സൗഹാർദവും പരസ്പര ധാരണയും വളർത്തുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. മാതൃകാപരമായ പൊതുസമ്മതിയുടെ ശൈലി സ്വീകരിച്ചും മുന്നണിയിലെ ഘടക കക്ഷികളുടെ വിഭിന്നങ്ങളായ താത്പര്യങ്ങളെ സമന്വയിപ്പിച്ചും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പൊതുകാഴ്ചപാട് സ്വീകരിച്ചും മുന്നോട്ടുപോയി എന്നതായിരുന്നു ഹ്രസ്വമെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിന്റെ പ്രത്യേകത – ശശി തരൂര്‍ പറയുന്നു.

സി എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ശൈലി സഹവർത്തിത്വത്തിന്റേതും അഭിപ്രായ ഐക്യത്തിന്റേതുമായിരുന്നു. അതുകൊണ്ടുതന്നെ ഭിന്നതകൾക്കുപരിയായി പരസ്പര ബഹുമാനവും പരസ്പര സംഭാഷണങ്ങളും നിലനിൽക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ജനസംഘം നേതാവായിരുന്ന കെ ജി മാരാർ അദ്ദേഹത്തെ ‘സി.എച്ച്.എം. കോയ ( ‘സി’ എന്നത് ക്രിസ്ത്യനും ‘എച്ച്’ എന്നത് ഹിന്ദുവും ‘എം’ എന്നത് മുസ്‌ലിമും) എന്ന് വിശേഷിപ്പിച്ചത്. വിഭാഗീയമായ വാഗ്‌ധോരണികളുടെയും സ്വത്വരാഷ്ടീയത്തിന്റെയും ഈ കാലത്ത് കോയാസാഹിബിൻ്റെ പൈതൃകം നമുക്കുനൽകുന്നത് അനിവാര്യമായ മറ്റൊരു ആഖ്യാനമാണ്.

വിവിധസമുദായങ്ങളുടെ താത്പര്യങ്ങളോടൊപ്പം സംസ്ഥാ‌നത്തിന്റെ വിശാലതാത്പര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തി, പ്രായോഗികവും അയവുള്ളതുമായ നിലപാട് സ്വീകരിക്കാൻ കഴിയുമെന്ന് സി എച്ച് തെളിയിച്ചു. സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മുസ്ലിം സമുദായത്തെ ഒന്നിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം നേതൃത്വംകൊടുത്ത സാമൂഹികനീതിയിലധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനം സാമുദായിക‌മാണെങ്കിലും വർഗീയമായിരുന്നില്ല. സംസ്ഥാനത്തിന്റെയാകെയും അതിലെ വിവിധ ജനവിഭാഗങ്ങളുടെയും സാമൂഹിക, സാമ്പത്തിക താത്പര്യ ങ്ങളുടെ വിശാലചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്, സാമൂഹികനീതിയിലധിഷ്ഠിതമായ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശാക്തീകരണമെന്ന ലീഗിന്റെ പ്രത്യയശാസ്ത്രം തേച്ചുമിനു ക്കിയെടുക്കാൻ സി എച്ചിന്റെ നേതൃത്വത്തിന് സാധിച്ചുവെന്നും ശശി തരൂർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes