ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥരും കാട്ടിൽ കുടുങ്ങി

നിലമ്പൂരിലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് കാടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തിൽ മരിച്ച മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വാണിയമ്പുഴയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ഇവർ കുടുങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ബില്ലിയുടെ മൃതദേഹം ഡിങ്കി ബോട്ടിൽ ചാലിയാർ നദി കടന്ന് വാണിയമ്പുഴ ഉന്നതിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിലായതിനാൽ തിരികെ മടങ്ങാൻ കഴിയാതെ കുടുങ്ങുകയായിരുന്നു.