ബാറ്റ്സ്മാൻ്റെ തലകറക്കാൻ അശ്വിൻ മാജിക്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു ഇന്ന് വിരമിച്ച രവിചന്ദ്രൻ അശ്വിൻ. ബാറ്ററെ വിരലുകൾക്കുള്ളിൽ കറക്കി വീഴ്‌ത്തുന്ന സ്പിൻ മാജിക്ക് പോലെ ആവശ്യമായ സമയത്ത് ബാറ്റ് കൊണ്ടും ഇന്ത്യൻ ടീമിന്റെ രക്ഷക്കെത്തിയിരുന്നു അശ്വിൻ. മൂന്ന് ഫോർമാറ്റുകളിലും കൂടി 700 വിക്കറ്റെന്ന അപൂർവ നായിക കല്ല് പിന്നിട്ട ചുരുക്കം താരങ്ങളിലൊരാൾ എന്ന രീതിയിൽ അശ്വിൻ വിരമിക്കുമ്പോൾ ആ മഹത്തായ കരിയറിന് നന്ദി അർഹിക്കുന്നത് മഹേന്ദ്ര സിങ് ധോണി കൂടിയാണ്.
കാരണം അശ്വിനെ വളര്‍ത്തിയതും തേച്ച് മിനുക്കിയതും ധോണിയാണെന്ന് പറയാം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയ അശ്വിന്‍ ധോണിക്ക് കീഴില്‍ കളിച്ചാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ധോണിക്ക് കീഴിലായിരുന്നു അശ്വിന്റെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റവും. മൂന്ന് ഫോർമാറ്റിലും അശ്വിനെ വ്യത്യസ്ത രീതിയിൽ ഉപയോഗിച്ചത് ധോണിയായിരുന്നു. ധോണിയുടെ വിശ്വസ്തനായി ഇന്ത്യയുടെ ലോകകപ്പ് ടീമിലും 2011, 2013 വര്‍ഷങ്ങളിലെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലും അശ്വിനുണ്ടായിരുന്നു. പിന്നീട് ധോണിയുടെ മാതൃക പിൻപറ്റി വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അശ്വിൻ ഫാക്ടർ മുതലെടുത്തു.
ഒടുവിൽ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബയ്ക്ക് ശേഷം വിരമിക്കുമ്പോൾ പതിനാല് വർഷത്തെ സംഭവ ബഹുലമായ കരിയറിന് കൂടിയാണ് വിരാമമാകുന്നത്. 106 ടെസ്റ്റുകളിൽനിന്ന് 537 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ് . ഇന്ത്യൻ താരങ്ങളിൽ 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെക്ക് പിന്നിൽ രണ്ടാമൻ. 132 ടെസ്റ്റിൽ ആറു സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും സഹിതം 3503 റൺസുമെടുത്തിട്ടിട്ടുണ്ട്. 116 ഏകദിനങ്ങളിൽ നിന്ന് 156 വിക്കറ്റുകളും 707 റൺസും നേടി. 65 ടി 20 മത്സരങ്ങളിൽ നിന്ന് 184 റൺസും 75 വിക്കറ്റുകളും നേടി.