ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞു; പന്ന കടുവ സങ്കേതത്തിലെ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്നു വത്സല

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞു. 100 വയസിനു മുകളിൽ പ്രായമുള്ള വത്സല എന്ന ആനയാണ് ചരിഞ്ഞത്. കേരളത്തിൽ നിന്നാണ് വത്സലയെ മധ്യപ്രദേശിലെ നർമദാപുരത്തെ കടുവ സങ്കേതത്തിൽ എത്തിച്ചത്. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിൽ ആയിരുന്നു വത്സലയുടെ അന്ത്യം. കടുവ സങ്കേതത്തിലെ അന്തേവാസികളും ജീവനക്കാരും ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി. വർഷങ്ങളോളം പന്ന കടുവ സങ്കേതത്തിലെ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്നു വത്സല.
വാർദ്ധക്യം മൂലം വത്സലയ്ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മുൻകാലുകളിലെ നഖങ്ങൾക്ക് പരുക്ക് പറ്റിയ അവസ്ഥയിൽ കടുവ സങ്കേതത്തിലെ ഖൈരയാൻ ജലാശയത്തിന്റെ സമീപമായിരുന്നു വത്സലയെ കണ്ടത്. തുടർന്ന് വത്സലയെ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
കേരളത്തിലെ നിലമ്പൂർ വനങ്ങളിൽ ജനിച്ച വത്സലയെ 1971 ൽ മധ്യപ്രദേശിലെ ഇപ്പോൾ നർമ്മദാപുരത്തേക്ക് കൊണ്ടുവന്നത്. 1993 ൽ പന്ന ടൈഗർ റിസർവിലേക്ക് സ്ഥലം മാറ്റി. 2003ൽ ആന ക്യാമ്പിലേക്ക് വത്സലയെ മാറ്റിയിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനയായി പരക്കെ കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, സ്ഥിരീകരിച്ച ജനന രേഖകൾ ഇല്ലാത്തതിനാൽ വത്സലയെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. പ്രായം നിർണ്ണയിക്കുന്നതിനായി ആനയുടെ പല്ലിന്റെ സാമ്പിളുകൾ ലബോറട്ടറികളിലേക്ക് അയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
Tag: Asia’s oldest elephant dies; Valsala was a tourist attraction at Panna Tiger Reserve