നിയമസഭാ തിരഞ്ഞെടുപ്പ്; തമിഴ്നാട് സന്ദർശിക്കാൻ പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി തമിഴ്നാട് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 27,28 തീയതികളിലാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുക. തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രി ആടി തിരുവാതിരയിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ മാസവും നരേന്ദ്രമോദിയോ, അമിത് ഷായോ തമിഴ്നാട് സന്ദർശിക്കുമെന്നാണ് സൂചന.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍. രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്യും. പിന്നാലെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബിജെപി വാര്‍ഡ്തല പ്രതിനിധികളുടെ യോഗത്തില്‍ ‘കേരളം മിഷന്‍ 2025’ അമിത് ഷാ പ്രഖ്യാപിക്കും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റത്തിന് കോപ്പുകൂട്ടുന്ന ബിജെപിയുടെ സംഘടനാതല പ്രചാരണത്തിന് നാളെ ഔദ്യോഗിക തുടക്കമാകും .ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാര്‍ഡ് പ്രതിനിധികള്‍ വീതം സമ്മേളനത്തില്‍ പങ്കെടുക്കും. ബാക്കിയുള്ള 10 ജില്ലകളിലെയും വാര്‍ഡ് പ്രതിനിധികള്‍ പഞ്ചായത്ത് തലത്തില്‍ ഒന്നിച്ച്, യോഗത്തില്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കും. ഉച്ചയ്ക്കുശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാല് മണിയോടെ അമിത് ഷാ മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി രാത്രിയോടെ ഡല്‍ഹിക്ക് പോകും.