Latest News

‘മഹാവതാര്‍ നരസിംഹ’ കാണാന്‍ തിയറ്ററിന് പുറത്ത് ചെരുപ്പ് അഴിച്ചുവച്ച് പ്രേക്ഷകര്‍; ഇന്‍റര്‍വെലിന് ഭജന

 ‘മഹാവതാര്‍ നരസിംഹ’ കാണാന്‍ തിയറ്ററിന് പുറത്ത് ചെരുപ്പ് അഴിച്ചുവച്ച് പ്രേക്ഷകര്‍; ഇന്‍റര്‍വെലിന് ഭജന

തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയിലേക്ക് ചിത്രങ്ങള്‍ എത്തുന്നതിന്‍റെ തുടക്കമിട്ടത് എസ് എസ് രാജമൗലിയുടെ ബാഹുബലി ആയിരുന്നു. പിന്നീട് കെജിഎഫും കാന്താരയുമടക്കം നിലവധി ചിത്രങ്ങള്‍ എത്തി. അത്രത്തോളം വലിയ വിജയങ്ങള്‍ അല്ലാതിരുന്ന ചിത്രങ്ങളും അത്തരത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കന്നഡ സിനിമയില്‍ നിന്നുള്ള ഒരു പാന്‍ ഇന്ത്യന്‍ അനിമേഷന്‍ ചിത്രവും അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത മഹാവതാര്‍ നരസിംഹയാണ് ആ ചിത്രം. 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. അനിമേറ്റഡ് എപിക് മിത്തോളജിക്കല്‍ ആക്ഷന്‍ എന്നതാണ് ചിത്രത്തിന്‍റെ ജോണര്‍. കന്നഡയ്ക്ക് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും ചിത്രം എത്തിയിട്ടുണ്ട്. കന്നഡയാണ് ഒറിജിനലെങ്കിലും ഏറ്റവും കളക്ഷന്‍ വന്നത് ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിന്നാണ്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് അഞ്ച് ദിവസത്തില്‍ നേടിയ നെറ്റ് കളക്ഷന്‍ 20.65 കോടിയാണ്. തെലുങ്ക് പതിപ്പ് 7.57 കോടിയും. അഞ്ച് ഭാഷാ പതിപ്പുകളും ചേര്‍ത്ത് ചിത്രം ഇതുവരെ ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 26.25 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് അറിയിക്കുന്നു.

അതേസമയം ചിത്രം തിയറ്ററുകളില്‍ നേടുന്ന പ്രതികരണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഭക്തിരസപ്രദാനമായ ചിത്രം കാണാന്‍ പ്രേക്ഷകരില്‍ ഒരു വിഭാ​ഗം ചെരുപ്പ് അഴിച്ചുവച്ച് തിയറ്റര്‍ ഹാളിലേക്ക് കയറുന്നതിന്‍റെയും ഇന്‍റര്‍വെല്‍ സമയത്ത് ഭജന പാടുന്നതിന്‍റെയുമൊക്കെ ദൃശ്യങ്ങള്‍ അക്കൂട്ടത്തിലുണ്ട്. അതേസമയം വന്‍ സാമ്പത്തിക വിജയത്തിലേക്കാണ് ചിത്രം യാത്ര തുടരുന്നത്. കൊയ്‍മൊയ്‍യുടെ റിപ്പോര്‍ട്ട് പ്രകാരം 15 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇത്. പ്രവര്‍ത്തി ദിനങ്ങളില്‍ പോലും മികച്ച കളക്ഷന്‍ നേടുന്ന ചിത്രം രണ്ടാം വാരാന്ത്യത്തില്‍ ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ക്ലീം പ്രൊഡക്ഷന്‍സും കന്നഡയിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന് സം​ഗീതം പകര്‍ന്നിരിക്കുന്നത്. എഎ ഫിലിംസ് ആണ് ചിത്രത്തിന്‍റെ ഉത്തരേന്ത്യയിലെ വിതരണം. ജയപൂര്‍ണ ദാസ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes