അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ആക്‌സിയം-4 സംഘം ഇന്ന് മടങ്ങും

ആക്‌സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ന് ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല അടങ്ങുന്ന നാലംഗ സംഘമാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങുന്നത്. ഇന്ന് വൈകുന്നേരം 4.30ന് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു. ദൗത്യ സംഘം 17 ദിവസങ്ങളായി ബഹിരാകാശ നിലയത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ടായിരുന്നു.
ബഹിരാകാശത്തിൽകൂടിയുള്ള യാത്ര അത്യന്തം അതിശയിപ്പിക്കുന്നതും മനോഹരവുമായിരുന്നുവെന്നും ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ഇനി ആരംഭിക്കുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ശുഭാന്‍ഷു ശുക്ല പറഞ്ഞു. ദൗത്യ സംഘത്തിന്റെ മടക്കയാത്രയും അൺഡോക്കിംഗും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചു.
ആക്‌സിയം-4 ദൗത്യത്തിൽ ശുഭാന്‍ഷുവിനൊപ്പം നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടുകാരനായ സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോര്‍ കാപു എന്നിവരും ഉണ്ടായിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം ശുഭാന്‍ഷു സ്വന്തമാക്കി. നിരവധി പരീക്ഷണങ്ങളിലും ശാസ്ത്രീയ ഗവേഷണങ്ങളിലും ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ സജീവമായിരുന്നു.
Tag: Axiom-4 crew will return from the International Space Station today.