സർക്കാർ പരിപാടിയിൽ കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം; ഗവർണറെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി

സർക്കാർ പരിപാടിയിൽ കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം ബിംബമായി നൽകിയതിൽ ഗവർണറെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി. ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകി. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത്തരം ചിത്രങ്ങൾ പാടില്ലെന്നു കത്തിൽ പറയുന്നു.
ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഇത്തരം പരിപാടികളിൽ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്നും ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഇതിന് വിരുദ്ധമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. വിഷയത്തിൽ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സർക്കാരിനെ അറിയിച്ചേക്കും.
കഴിഞ്ഞ ദിവസം ഭാരതാംബ വിവാദം മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രി കത്ത് നൽകുമെന്നും അറിയിച്ചിരുന്നു.