Latest News

പരിശോധന തന്നെയും ഷാനിമോളെയും ലക്ഷ്യം വെച്ചാണ് നടത്തിയതെന്ന് സംശയമുണ്ടെന്ന് ബിന്ദുകൃഷ്ണ

 പരിശോധന തന്നെയും ഷാനിമോളെയും ലക്ഷ്യം വെച്ചാണ് നടത്തിയതെന്ന് സംശയമുണ്ടെന്ന് ബിന്ദുകൃഷ്ണ

പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന മുറിയിലെത്തി പരിശോധന നടത്തിയ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. നാല് പൊലീസ് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരും മറ്റ് രണ്ട് പേരുമാണ് പരിശോധനയ്‌ക്കെത്തിയതെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. സ്വകാര്യത ഉണ്ടെന്ന് കരുതുന്ന മുറിയില്‍ പാതിരാത്രി വന്ന് പരിശോധിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞെട്ടലാണുണ്ടായത്. അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് എടുത്തു നോക്കിയത്. ബിജെപി നേതാക്കള്‍ താമസിച്ചിരുന്ന മുറിയില്‍ പൊലീസ് കതകില്‍ മുട്ടിയെങ്കിലും വനിത പൊലീസില്ലാതെ കയറാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ പൊലീസ് മടങ്ങി. പരിശോധന തന്നെയും ഷാനിമോളെയും ലക്ഷ്യം വെച്ചാണ് നടത്തിയതെന്ന് സംശയമുണ്ടെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.

ബിന്ദുകൃഷ്ണയുടെ വാക്കുകൾ

ഷാനിമോള്‍ ഉസ്മാന്‌റെ മുറിയില്‍ മുട്ടിയ ശേഷമാണ് പൊലീസ് എന്‌റെ മുറിയിലേക്ക് വന്നത്. അവിടെ നിന്ന് സമയം വെച്ച് നോക്കുമ്പോള്‍ എന്‌റെ മുറിയിലേക്കാണ് നേരെ വന്നതെന്നാണ് തോന്നുന്നത്. 12.03 ആയപ്പോഴാണ് ബഹളം കേട്ടത്. താഴെ ആരോ 3014 എന്ന് പറയുന്നത് കേട്ടു. രാത്രി പുരുഷന്മാര്‍ ആരും മുറിയിലേക്ക് വരില്ലല്ലോ എന്നാലോചിച്ച് വീണ്ടും കിടന്നു. അപ്പോഴാണ് കോളിംഗ് ബെല്‍ അടിച്ചത്. രണ്ട് വട്ടം കോളിംഗ് ബെല്‍ അടിച്ച ശേഷമാണ് വാതില്‍ തുറന്നത്.

യൂണിഫോം ധരിച്ച മൂന്നോ നാലോ പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിവില്‍ വേഷത്തിലുള്ള ആളുകളുമാണ് ഉണ്ടായിരുന്നത്. അവര്‍ പൊലീസുകാരാണോ എന്ന് പോലും അറിയില്ല. മുറി പരിശോധിക്കണമെന്നാണ് അവര്‍ പറഞ്ഞത്. നമ്മുടെ സ്വകാര്യത ഉണ്ടെന്ന് കരുതുന്ന മുറിയില്‍ പാതിരാത്രി വന്ന് പരിശോധിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞെട്ടലാണുണ്ടായത്. ജനാധിപത്യപരമായി നാടിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും പോരാടുന്നതിന് അപ്പുറത്തേക്ക് മറ്റൊരു ക്രിമിനല്‍ ആക്ടിവിറ്റിയിലോ ക്രിമിനല്‍ താത്പര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടില്ലെന്ന ഉത്തമബോധ്യമുള്ളതിനാല്‍ ഭയം തോന്നിയില്ല. എന്നാലും രാത്രി മുറിയില്‍ കയറുന്നത് അനുചിതമാണെന്നും നിയമവിരുദ്ധമാണെന്നും ബോധ്യമുള്ളതിനാല്‍ കയറാന്‍ പറ്റില്ലെന്ന് ആദ്യം പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചു. ആരുണ്ട് അകത്ത് എന്നായിരുന്നു പൊലീസിന്‌റെ അടുത്ത ചോദ്യം. ഭര്‍ത്താവുണ്ടെന്ന് പറഞ്ഞതോടെ അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

ഉറങ്ങുകയാണെന്നും എഴുന്നേല്‍പ്പിക്കാന്‍ പറ്റില്ലെന്നും പറഞ്ഞതോടെ പൊലീസ് വീണ്ടും അതുതന്നെ ആവശ്യപ്പെട്ടു. കര്‍ശനമായി വിളിച്ചേപറ്റൂ എന്ന് പറഞ്ഞപ്പോഴേക്കും അദ്ദേഹത്തെ വിളിച്ച് എഴുന്നേല്‍പ്പിച്ചു. ഞങ്ങള്‍ വാതിനിലിന് പുറത്തേക്ക് മാറിയതും പൊലീസ് അകത്ത് കയറി പരിശോധന നടത്തി. ചില മാധ്യമപ്രവര്‍ത്തകരും എത്തി. കള്ളപ്പണം പോയിട്ട് സാധാരണ പണം പോലും അധികമില്ലാത്ത നമ്മുടെ അടുത്ത് വന്ന് കള്ളന്മാരേയും കൊള്ളക്കാരേയും ഒക്കെ സേര്‍ച്ച് ചെയ്യുന്നത് പോലെ പെരുമാറുന്നത് വല്ലാത്ത പ്രയാസമാണ്. ഇത് സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമാണ്. മൂന്ന് പെട്ടികള്‍ പൊലീസ് തന്നെയാണ് നോക്കിയത്. മേശയ്ക്കടിയില്‍ കിടന്ന ഒന്ന് എന്നോട് എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു. അതും അവര്‍ പരിശോധിച്ചു. അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് എടുത്തു നോക്കുന്നത്. അത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. നരേന്ദ്ര മോദി രാഷ്ട്രീയ എതിരാളികളെ ഇത്തരം ഹീനമായ മാര്‍ഗങ്ങളിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ കേരളത്തിലെ സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്ത വിഷയമാണ്.

എന്റെ മുറിയ്ക്ക് തൊട്ടുമുമ്പില്‍ ബിജെപിയുടെ വനിതാ നേതാവ് താമസിക്കുന്ന മുറിയുണ്ട്. അവിടെ ചെന്ന് പൊലീസ് കതകുമുട്ടി, കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു, പൊലീസ് പോയി. എന്റെ ഫ്ലോറിൽ എന്റെ മുറിയും മറ്റൊരു മുറിയും മാത്രമാണ് പൊലീസ് പരിശോധിച്ചത്. എന്നെയും ഷാനിമോളെയും ലക്ഷ്യം വെച്ചാണ് വന്നതെന്ന് തോന്നിപ്പിക്കും വിധമായിരുന്നു പൊലീസിന്‌റെ പ്രവര്‍ത്തനം. മുറിയില്‍ നിന്ന് എന്താണ് കെണ്ടെടുത്തതെന്ന് അറിയിക്കണമെന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. 12.07ന് പുറത്തിറങ്ങിയ പൊലീസ് 2.40നാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. അതില്‍ വനിത പൊലീസ് ഉണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് എഴുതിചേര്‍ത്തിരുന്നു. ഷാനിമോള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ സാന്നിധ്യമുള്ളതായി പറഞ്ഞിട്ടില്ല. ഇലക്ഷന്‍ കമ്മീഷന് ഇന്‍ഫോര്‍മേഷന്‍ കിട്ടി എന്ന് എന്നോട് പറഞ്ഞിരുന്നു. പിന്നീട് കമ്മീഷണര്‍ വന്നപ്പോഴാണ് പറയുന്നത് റൊട്ടീന്‍ പരിശോധനയാണെന്ന്.

സംഭവത്തില്‍ വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറല്ല. ജനാധിപത്യപരമായ, നിയമപരമായ രീതിയില്‍ ശക്തമായി പോരാടും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes