കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും

കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക് കൊണ്ടുപോകും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജനപ്രതിനിധികള്‍ അറിയിച്ചു. ഇന്നലെയായിരുന്നു മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്‌റോബി അധികൃതരുടെയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തില്‍ കൂടിയാണ് അവര്‍ക്കൊപ്പം മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് എത്തിക്കുന്നത്. ഖത്തറില്‍ നിന്ന് വിനോദസഞ്ചാരത്തിന് പോയ 28 അംഗ ഇന്ത്യന്‍ പ്രവാസി സംഘമായിരുന്നു കെനിയയില്‍ അപകടത്തില്‍പ്പെട്ടത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ച മലയാളികള്‍. ഇവരുടെ മൃതദേഹങ്ങളാണ് ഇന്ന് നെടുമ്പാശ്ശേരിയില്‍ എത്തിക്കുക.
കെനിയയില്‍ അവധി ആഘോഷിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള പ്രവാസി സംഘം ബലിപെരുന്നാള്‍ ദിനമായ ജൂണ്‍ ആറിനാണ് യാത്ര തിരിച്ചത്. കെനിയയിലെ പ്രശസ്തമായ വന്യജീവി സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദര്‍ശിച്ച ശേഷം ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്‍ ഒന്‍പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.