ആലപ്പുഴയിൽ രണ്ട് സ്ത്രീകളുടെ തിരോധാന കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ

ചേര്‍ത്തല പള്ളിപുറത്ത് വീട്ടുവളപ്പില്‍ കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ മരിച്ചതാരെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തും. ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നിന്നും ബിന്ദു പത്മനാഭന്, കോട്ടയം ഏറ്റുമാനൂരില്‍നിന്നും ജെയ്നമ്മ എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരോധാനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.
സ്ഥലമുടമ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ശരീരാവശിഷ്ടങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലാണ്. കാണാതായ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുമായുള്ള ബന്ധം ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ നിഷേധിച്ചു. എന്നാൽ ഇരുവർക്കുമിടയിലെ ഫോൺവഴിയുള്ള ബന്ധത്തിന്റെ തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കോട്ടയം, ആലപ്പുഴ ജില്ലകളിലെ മറ്റ് തിരോധാന കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
ജൈസമ്മ എത്തിയത് ആലപ്പുഴയിലെ തീർത്ഥാടന കേന്ദ്രത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവസാന ടവർ ലൊക്കേഷൻ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ ഭാഗത്താണ്. ഈ സാഹചര്യത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങൾ ജൈസമ്മയുടേത് ആണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.
അതേസമയം, ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കലില്‍നിന്നു കാണാതായ ബിന്ദു പത്മനാഭന്റെ തിരോധാനത്തില്‍ പ്രധാനപ്രതി സെബാസ്റ്റ്യനു നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. ചേര്‍ത്തല കടക്കരപ്പള്ളി പത്മാനിവാസില്‍ പത്മനാഭപിള്ളയുടെ മകള്‍ ബിന്ദു പത്മനാഭനെ(52) കാണാനില്ലെന്ന് കാട്ടി സഹോദരന് പ്രവീണ്‍കുമാര്‍ 2017 സെപ്റ്റംബറില്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ആദ്യം പട്ടണക്കാട് പൊലീസും കുത്തിയതോട് സിഐയും തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ നസീമും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ പള്ളിപ്പുറം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചെങ്ങുംതറ വീട്ടില്‍ സെബാസ്റ്റ്യനെ ഒന്നാംപ്രതിയാക്കിയായിരുന്നു കേസുകള്‍.
പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ സെബാസ്റ്റ്യനുമായി കാണാതായ ബിന്ദു 2003 മുതല്‍ അടുത്ത ബന്ധംപുലര്‍ത്തിയിരുന്നതായും പലതവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വന്നിട്ടുള്ളതായും മൊഴിലഭിച്ചിരുന്നു. ഇതിനൊപ്പം ബിന്ദുവിന്റെ പേരില്‍ ഇടപ്പള്ളിയിലെ ഭൂമി വ്യാജരേഖയുണ്ടാക്കി കൈമാറ്റം നടത്തിയ കേസിലും സെബാസ്റ്റ്യന്‍ പ്രതിയായിരുന്നു. ബിന്ദു മാതാപിതാക്കളുടെ മരണശേഷം ഏറ്റവും കൂടുതല്‍ ഇടപഴകിയിട്ടുള്ളത് സെബാസ്റ്റ്യനുമായി മാത്രമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. സെബാസ്റ്റ്യന്റെ ജീവിതപശ്ചാത്തലം ദുരൂഹമാണെന്നും ബിന്ദുവുമായി പരിചയപ്പെടുന്നതിന് മുന്‍പ് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന സെബാസ്റ്റ്യന്‍ തിരോധാനത്തിനുശേഷം സാമ്പത്തികനില മെച്ചപ്പെട്ട നിലയിലെത്തിയതായും സാക്ഷിമൊഴികളുള്ളതായി ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, വിവിധ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇയാള്‍ നല്‍കിയത് വിരുദ്ധമായ മൊഴികളാണ്. ഇതില്‍ വ്യക്തതവരുത്താന്‍ നുണപരിശോധന നടത്തണമെന്നായിരുന്നു ആവശ്യം.