കോഹ്‌ലിക്കെതിരായ റിക്കി പോണ്ടിങ്ങിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബ്രെറ്റ് ലീ
ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ ഫോമിനെ കുറിച്ചുള്ള റിക്കി പോണ്ടിങ്ങിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ. റിക്കി പോണ്ടിങ് ചെയ്തത് മണ്ടത്തരമാണെന്നാണ് അദ്ദേഹത്തിന്റെ മുന്‍ സഹതാരം കൂടിയായ ലീ പറയുന്നത്. വിമര്‍ശനങ്ങള്‍ വിരാട് കോഹ്‌ലിയുടെ ഉള്ളിലെ തീ ആളിക്കത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലീ.
‘വിരാട് കോഹ്‌ലിയുടെ ഫോമിനെ വിമര്‍ശിച്ചത് റിക്കി പോണ്ടിങ് ചെയ്ത മണ്ടത്തരമായിരുന്നു. നിങ്ങള്‍ എന്താണ് ചെയ്യുന്നത് റിക്കീ? നിങ്ങളുടെ വിമര്‍ശനം കോഹ്‌ലിയുടെ ഉള്ളിലെ തീ ആളിക്കത്തിക്കുകയാണ് ചെയ്യുന്നത്. കോഹ്‌ലി ലോകോത്തര ക്ലാസ് പ്ലേയറാണ്. ഇനിയാണ് അദ്ദേഹത്തെ പേടിക്കേണ്ടത്’, ഫോക്‌സ് ക്രിക്കറ്റിന് നല്‍കിയ പോഡ്കാസ്റ്റില്‍ ബ്രെറ്റ് ലീ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ടോ മൂന്നോ ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രം നേടിയ കോഹ്ലിയെ പോലെ ഒരു താരം എങ്ങനെയാണ് ഇപ്പോഴും അന്താരാഷ്ട്ര ടെസ്റ്റുകളില്‍ ടോപ് ഓര്‍ഡറില്‍ കളിക്കുക എന്നായിരുന്നു റിക്കി പോണ്ടിങ്ങിന്റെ ചോദ്യം. ‘വിരാട് കോഹ്ലിയെ കുറിച്ചുള്ള ഒരു കണക്ക് ഞാന്‍ കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോഹ്ലി കേവലം മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. അദ്ദേഹത്തെ പോലൊരു താരത്തെ സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല കണക്കല്ല. ഇത്തരം കണക്കുകളുള്ള മറ്റൊരു ബാറ്റര്‍ക്കും ടീമില്‍ ഇടംലഭിക്കില്ല. എന്നാല്‍ കോഹ്ലിയുടെ കാര്യം വ്യത്യസ്തമാണ്. ഓസ്ട്രേലിയയില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം’, എന്നായിരുന്നു പോണ്ടിങ് പറഞ്ഞത്.
എന്നാല്‍ കോഹ്‌ലിയെ വിമര്‍ശിച്ച പോണ്ടിങ്ങിനെതിരെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും രൂക്ഷമായി പ്രതികരിച്ചിരുന്നു. പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും ഗംഭീര്‍ തിരിച്ചടിച്ചു. കോഹ്ലിയുടെയും രോഹിത്തിന്റെയും ഫോമിനെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും ഗംഭീര്‍ തുറന്നു പറഞ്ഞു. ഇരുതാരങ്ങളും ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ കരുത്താണെന്നും ഗംഭീര്‍ വ്യക്തമാക്കി. നവംബര്‍ 22ന് ആരംഭിക്കുന്ന ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു ഇന്ത്യന്‍ കോച്ചിന്റെ പ്രതികരണം.