ശസ്ത്രക്രിയക്ക് കൈക്കൂലി: അസി.സർജന് സസ്പെൻഷൻ
ശസ്ത്രക്രിയ ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ്. വിനീതിനെ സസ്‌പെൻഡ് ചെയ്തു. അടൂർ ജനറല്‍ ആശുപത്രിയിലെ അസി.സർജൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു കഴിഞ്ഞ മാസം പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നല്‍കിയിരുന്നു.അസി.സർജനായ ഡോ.വിനീത് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യം തിരക്കിയപ്പോള്‍ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. തുടർന്ന് കഴിഞ്ഞ മാസം 25നു പരാതി നല്‍കിയെന്നാണു രോഗിയുടെ ബന്ധുവിന്റെ വാദം. ഇതിന്റെ ശബ്ദരേഖ ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. എന്നാല്‍ 28നാണു പരാതി കിട്ടിയതെന്നും ഈ മാസം 4ന് അന്വേഷണം നടത്തിയിരുന്നെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞിരുന്നത്. വിവാദമായതോടെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എഐവൈഎഫ് തുടങ്ങിയ സംഘടനകള്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രതിഷേധവുമായെത്തിയിരുന്നു.