മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു; കോഴിക്കോട് അഞ്ച് പേർക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു പിന്നാലെ സഞ്ചരിച്ച റജിസട്രേഷൻ നമ്പറില്ലാത്ത കാറും യാത്രക്കാരും പോലീസ് പിടിയിൽ. കോഴിക്കോട് വെങ്ങാലി പാലം സൗത്ത് പോയിന്റ് മുതലാണ് ഇവർ വാഹനത്തെ പിന്തുടർന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങൾക്ക് പുറകിൽ ഉള്ള ആംബുലൻസിനെ പിന്തുടർന്നതിനാണ് കേസ്.
വിഐപി വാഹനവ്യൂഹത്തിന് പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാതെ വേഗത്തിൽ സംശയകരമായി സഞ്ചരിച്ചതു കണക്കിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. കാർ പരിശോധനയ്ക്കിടെ ഡാഷ് ബോർഡിനു മുകളിലായി വാക്കിടോക്കിയും കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശി സി.പി.നസീബ്, വാഴക്കാട് സ്വദേശി ജ്യോതിബാസ്, പാലത്തോൾ സ്വദേശി മുഹമ്മദ് ഹാരിസ്, പെരിന്തൽമണ്ണ സ്വദേശി ഫൈസൽ, പാലക്കാട് ആമയൂർ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് അഞ്ച് പേർക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി തന്നെ ഇവരെ സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിട്ടുവെന്ന് പൊലീസ് അറിയിച്ചു.