ബെംഗളൂരു ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് കാരണം ആര്‍സിബി ടീമിന്‍റെ അനാവശ്യ തിടുക്കമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ റിപ്പോര്‍ട്ട്. നഗരത്തില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിന് പിന്നില്‍ ആര്‍സിബിയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആര്‍സിബി വിജയാഘോഷം സംഘടിപ്പിക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്. അതിന് മുമ്പ് ആവശ്യമായ അനുമതികളൊന്നും വാങ്ങിയിരുന്നില്ല. ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് കാണികള്‍ തടിച്ചുകൂടുകയായിരുന്നു. വിജയാഘോഷത്തോടനുബന്ധിച്ച് അവസാനനിമിഷം ആര്‍സിബി നടത്തിയ പ്രഖ്യാപനം ദ്രോഹിക്കുന്ന തരത്തിലുള്ള സമീപനമെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് പോലീസിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. 12 മണിക്കൂറില്‍ താഴെയുള്ള സമയത്തില്‍ മുന്‍കരുതലുകളെടുക്കുക പൊലീസിനെ സംബന്ധിച്ച് അസാധ്യമാണ്. 12 മണിക്കൂറിനുള്ളില്‍ 5-7ലക്ഷം പേരെ നിയന്ത്രിക്കാന്‍ പൊലീസ് സൂപ്പര്‍മാന്‍ അല്ല. അവരും മനുഷ്യരാണ്. അവര്‍ ദൈവമോ മജീഷ്യനോ അല്ല. അവരുടെ കൈയില്‍ അല്ലാവുദ്ദീന്‍റെ അത്ഭുതവിളക്കുമില്ല. ഓപ്പണ്‍ പരേഡിന് പൊലീസ് അനുമതി നല്‍കിയിട്ടുമില്ല. എന്നിട്ടും ലക്ഷക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാന്‍ പൊലീസിന് ഒന്നും ചെയ്യാനാവില്ലെന്നും ട്രൈബ്യൂണല്‍ പറഞ്ഞു.
ഐപിഎല്‍ കീരീട നേട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെത്തിയ ആര്‍സിബി ടീം അംഗങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതോടെ ഇത് റദ്ദാക്കി. പിന്നീട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിജയഘോഷം നടത്തുകയായിരുന്നു. സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 11 പേര്‍ മരിച്ചത്. 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആര്‍സിബി മാനേജ്മെന്‍റിനെതിരെയും നടപടി എടുത്തിരുന്നു. എന്നാല്‍ പൊലിസിന്‍റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന ട്രൈബ്യൂണലിന്‍റെ റിപ്പോര്‍ട്ട് ആര്‍സിബി ടീമിനെയാണ് പൂര്‍ണമായും കുറ്റപ്പെടുത്തുന്നത്.