പാലക്കാട് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: സ്‌കൂളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിൽ സ്‌കൂളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് സമയത്തിന് ക്രമീകരണം. 20 മിനുറ്റായിരുന്ന ഉച്ചയൂൺ സമയം 45 മിനുറ്റാക്കി വ൪ധിപ്പിച്ചു. ഇടവേള സമയങ്ങൾ 10 മിനുറ്റാക്കി ഉയ൪ത്തി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി അറിയിക്കാൻ പൊതു സംവിധാനവും നിലവില്‍ വന്നു. മഴക്കാലമായതിനാൽ ഒക്ടോബർ വരെ ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരാതി അറിയിക്കാൻ പൊതു സംവിധാനം ഈ മാസം ഏഴുമുതൽ നിലവിൽ വരും. രക്ഷിതാക്കൾക്ക് ഏതു സമയവും സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതിയും നൽകാനും തീരുമാനമായി.