Latest News

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൂരല്‍മല-മുണ്ടക്കൈ ദുരന്തം വിവാദമാക്കി മാറ്റാന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിവേദനം നല്‍കാന്‍ വൈകിയതുകൊണ്ടാണ് സഹായം നല്‍കാത്തത് എന്നാണ് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞത്. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ഇതില്‍ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് വിഷയത്തില്‍ ആദ്യമായല്ല അമിത് ഷാ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ അമിത് ഷാ മുന്‍പ് ശ്രമിച്ചിട്ടുണ്ട്. കേന്ദ്രം ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേരളം എന്ത് ചെയ്തു എന്നുമാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരു മുന്നറിയിപ്പും കേരളത്തിന് ലഭിച്ചിരുന്നില്ല. മുന്‍പ് തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കിയതാണ്. അന്നത്തെ ആവര്‍ത്തനമായി വേണം പുതിയ പ്രസ്താവനയെ കാണാന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂലൈ മുപ്പതിന് പുലര്‍ച്ചെയാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടാകുന്നത്. ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ സന്ദര്‍ശനം നടത്തി. ഇതിന് പിന്നാലെ ഓഗസ്റ്റ് പതിനേഴിന് ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടവും എന്‍ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരളത്തിന് ആവശ്യപ്പെടാന്‍ കഴിയുന്ന തുകയും വെച്ച് കേന്ദ്രത്തിന് നിവേദനം നല്‍കി. പ്രതീക്ഷിക്കാവുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉള്‍പ്പെടുത്തി 1202 രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞിട്ട് നൂറ് ദിവസത്തിന് അധികമായി. മെമോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസമായി. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി. അതിന് ശേഷം ദുരന്തങ്ങളുണ്ടായ സംസ്ഥാനങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുക പോലും ചെയ്യാതെ കേന്ദ്രം സഹായം നല്‍കി. എന്നാല്‍ കേരളത്തിന് ധനസഹായമായി ഒരു രൂപ പോലും നല്‍കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം എല്‍ഡിഎഫ്, യുഡിഎഫ് വിഷയമല്ലെന്നും സംസ്ഥാനത്തിന്റെ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന സഹായം നമുക്കും കിട്ടണം. കേരളത്തോട് പ്രത്യേക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ എതിരില്ല. കൂട്ടത്തില്‍ നമുക്കും സഹായം ലഭിക്കണം. ത്രിപുര, ബിഹാര്‍ ഒടുവില്‍ തമിഴ്‌നാടിനും സഹായം ലഭിച്ചു. ഇതിനെ ഒന്നും ചോദ്യം ചെയ്യുന്നില്ല. പക്ഷെ നമ്മളും ഈ രാജ്യത്തിന്റെ ഭാഗമാണ്. ഇങ്ങനെ ആണോ ഒരു സംസ്ഥാനത്തോട് പെരുമാറേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തുകൊണ്ടാണ് നമുക്ക് സഹായം നിഷേധിക്കുന്നത്? സഹായത്തിന് അര്‍ഹിക്കുന്ന ദുരന്തം അല്ല എന്ന നിലപാട് ഉണ്ടോ? എങ്കില്‍ കേന്ദ്രം അത് അറിയിക്കാം. ജനങ്ങള്‍ക്ക് അത് അറിയാന്‍ അവകാശമുണ്ട്. സഹായം എല്‍ഡിഎഫിനല്ല. ആ നിലയില്‍ കണ്ടുകൊണ്ട് ഇടപെടാന്‍ കഴിയണം. എന്തെങ്കിലും തിരുത്താന്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. അല്ലാതെ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ ഉള്ളവരും അല്ലാത്തവരും സംസ്ഥാന താത്പര്യത്തില്‍ ഒരുമിച്ചു നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ അങ്ങനെ ഒരു നിലപാട് ആണോ? ബിജെപി ഒഴികെ എല്ലാ എംപിമാരും ഇതില്‍ ഒരുമിച്ചു നിന്നു. വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എല്ലാ വഴികളും തേടും. കേന്ദ്രവുമായി തുടര്‍ന്നും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. സ്മാര്‍ട്ട് സിറ്റി കൊണ്ട് ഉദ്ദേശിച്ച ഒന്നും നിന്നുപോവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞു വിടുക എന്ന സമീപനം അല്ല സര്‍ക്കാരിന് ഉള്ളത്. ഇത് കേരളവും യുഎഇ സര്‍ക്കാരും തമ്മിലെ കാര്യമാണ്. സ്ഥലം ഏറ്റെടുക്കലാണ് ലക്ഷ്യം. ടീകോം നല്‍കിയ ഓഹരി വില ആണ് മടക്കി നല്‍കുക. ടീകോമിനെ ഒഴിവാക്കിയത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes