Latest News

ഒരു കുട്ടിക്ക് 43,000 രൂപ വീതം സബ്‌സിഡി നല്‍കിയിട്ടും ഉയരുന്നില്ല ചൈനയുടെ ജനനനിരക്ക്

 ഒരു കുട്ടിക്ക് 43,000 രൂപ വീതം സബ്‌സിഡി നല്‍കിയിട്ടും ഉയരുന്നില്ല ചൈനയുടെ ജനനനിരക്ക്

ജനനനിരക്ക് കൂട്ടാന്‍ പുതിയ ചുവടുവെപ്പുമായി ചൈന. രാജ്യവ്യാപകമായി വാര്‍ഷിക ശിശുപരിപാലന സബ്‌സിഡി ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 3,600 യുവാന്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപ ) വീതം ചൈനീസ് സര്‍ക്കാര്‍ പ്രതിവര്‍ഷം സബ്‌സിഡി നല്‍കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ജനനനിരക്ക് വര്‍ദ്ധിപ്പിക്കാനും വാര്‍ദ്ധക്യ ജനസംഖ്യാ പ്രതിസന്ധി കുറയ്ക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം. 2025 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനായി ചൈന ഇതുവരെ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും സമഗ്രമായ പദ്ധതി കൂടിയാണിത്.

എന്നാല്‍ ആഴത്തില്‍ വേരൂന്നിയ ജനസംഖ്യാ പ്രവണതകളെ മറികടക്കാന്‍ ഈ തുക മതിയാകുമോ…?
രാജ്യത്തെ മൊത്തം രണ്ട് കോടി കുടുംബങ്ങള്‍ക്ക് സബ്‌സിഡിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ചൈനീസ് നഗരങ്ങളായ ഹോഹോട്ട്, ഷെന്‍യാങ് എന്നിവ സ്വന്തം നിലയ്ക്ക് കുട്ടികള്‍ക്കുള്ള സാമ്പത്തികസഹായ പാക്കേജ് അവതരിപ്പിച്ചിരുന്നു. ഹോഹോട്ടില്‍ ഒരു കുട്ടിക്ക് 10,000 യുവാനും (ഏകദേശം 1.21 ലക്ഷം രൂപ) വാര്‍ഷിക ഗ്രാന്‍ഡും ഷെന്‍യാങ്ങില്‍ ഒരു കുട്ടിക്ക് പ്രതിമാസം 500 യുവാനുമാണ് ( ഏകദേശം 6,000 രൂപ) നല്‍കിയിരുന്നത്. ഇത്തരം പ്രാദേശിക പദ്ധതികളുടെ തുടര്‍ച്ചയാണ് സബ്‌സിഡി സ്‌കീമും. ഇതുവരെ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ പ്രോത്സാഹനജനകമായ സൂചനകള്‍ ജനസംഖ്യയില്‍ നല്‍കിയിട്ടുണ്ടെങ്കിലും സാമ്പത്തികസഹായങ്ങളുടെ മാത്രം ഫലം പെരുപ്പിച്ച് പറയാനാകില്ലെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉദാഹരണത്തിന് ടിയാന്‍മെന്‍ നഗരത്തില്‍ 2024-ല്‍ നവജാതശിശുക്കളുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു.

കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ചെലവ് ചൈനയിൽ കൂടുതൽ
കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഏറ്റവും ചെലവുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. കുട്ടികളുടെ ദൈനംദിന ചെലവുകള്‍ ലഘൂകരിക്കുന്നതിന് മാതാപിതാക്കളെ സംബന്ധിച്ച് സബ്‌സിഡി സഹായമാകുമെങ്കിലും ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നതിനുള്ള മുഴുവന്‍ ചെലവ് വച്ച് നോക്കുമ്പോള്‍ ഈ തുക മാത്രം മതിയാകില്ലെന്നാണ് കാപ്പിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസിലെ പ്രൊഫസര്‍ മാവോ സുവോയാന്‍ പറയുന്നത്. യുവ പോപ്പുലേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2024-ലെ റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയില്‍ ജനനം മുതല്‍ കോളേജ് വിദ്യാഭ്യാസം വരെയുള്ള കാലയളവില്‍ ഒരു കുട്ടിയെ വളര്‍ത്താന്‍ ശരാശരി 82 ലക്ഷം രൂപ വരെ വേണം. 17 വയസ്സ് വരെ ഒരു കുട്ടിയെ വളര്‍ത്താന്‍ പോലും 65 ലക്ഷം രൂപയിലധികം മാതാപിതാക്കള്‍ ചെലവഴിക്കണം. ഇതുകൊണ്ടുതന്നെ ലോകത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഏറ്റവും ചെലവുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. എന്നാൽ ശമ്പളം വളരെ കുറവുമാണ്.

ജിയാങ്‌സു പോലുള്ള സമ്പന്ന പ്രവിശ്യകളിലെ നഗരങ്ങളില്‍ ശരാശരി വാര്‍ഷിക ശമ്പളം 15.20 ലക്ഷം രൂപയാണ്. ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഇത് 70.63 ലക്ഷം രൂപയും. കുട്ടികളെ വളര്‍ത്താനുള്ള വര്‍ദ്ധിച്ച ചെലവും വാര്‍ഷിക ശമ്പളവും തമ്മിലുള്ള ഈ പൊരുത്തമില്ലായ്മയാണ് പല യുവാക്കളും കുടുംബം തന്നെ തുടങ്ങാന്‍ മടിക്കുന്നതിന്റെ കാരണമായി പറയുന്നത്. യുവാക്കള്‍ രക്ഷകര്‍തൃത്വം ഏറ്റെടുക്കാന്‍ മടിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് തിങ്ക് ഗ്ലോബല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജോലിയിലെ സമ്മര്‍ദ്ദം, കുട്ടികളെ വളര്‍ത്തുന്നതിന് ലഭിക്കുന്ന പിന്തുണക്കുറവ്, താങ്ങാനാവാത്ത ചെലവ് എന്നിവ അതിനുള്ള കാരണങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വൈകിയ വിവാഹങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന വന്ധ്യത, ചെറിയ കുടുംബങ്ങളോടുള്ള ദീര്‍ഘകാലമായുള്ള മുന്‍ഗണന എന്നിവ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

ചൈനയുടെ ജനസംഖ്യയില്‍ എന്താണ് സംഭവിക്കുന്നത്?
2023-ല്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ചൈന രേഖപ്പെടുത്തിയത്. 1000 പേര്‍ക്ക് വെറും 6.39 ജനനങ്ങള്‍. 2024-ല്‍ 5,20,000 അധിക ജനനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇത് കോവിഡ്-19നു ശേഷമുള്ള താല്‍ക്കാലിക വീണ്ടെടുക്കല്‍ മാത്രമാണെന്നാണ് വിശകലന വിദഗ്ദ്ധര്‍ പറയുന്നത്.

ചൈനീസ് രാശിചിഹ്നങ്ങള്‍ അനുസരിച്ച് 2024 ഡ്രാഗണിന്റെ വര്‍ഷമായിരുന്നു. ഈ കാലയളവില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സവിശേഷമായ വ്യക്തിത്വമുണ്ടായിരിക്കുമെന്നും അവര്‍ ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചൈനക്കാര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഇത് 2024-ല്‍ ജനനനിരക്ക് അപൂര്‍വമായി വര്‍ദ്ധിക്കാനുള്ള കാരണമാണെന്നും വിലയിരുത്തലുകളുണ്ട്.
എന്നാല്‍, ചൈനയുടെ മൊത്തം ജനസംഖ്യയില്‍ ഏതാണ്ട് 20 ലക്ഷത്തിന്റെ കുറവുവന്നിട്ടുണ്ട്. 1961-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമെന്ന പദവി ചൈനയ്ക്ക് നഷ്ടമായി. നിലവില്‍ ഇന്ത്യയാണ് ജനസംഖ്യാ നിരക്കില്‍ മുന്നിലുള്ള രാജ്യം.

ഇത് ചെറിയൊരു ആശങ്കയല്ല. അതുപോലെ തന്നെ വാര്‍ദ്ധക്യ ജനസംഖ്യ കൂടുന്നതും ചൈന നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. 2035 ആകുമ്പോഴേക്കും ചൈനയില്‍ 60 വയസ്സിനുമുകളിലുള്ള 4 കോടി പൗരന്മാരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതായത്, മൊത്തം ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നുപേര്‍ വര്‍ദ്ധക്യത്തിലുള്ളവരായിരിക്കും. ഇത് ഭാവിയില്‍ വരാനിരിക്കുന്ന തൊഴിലാളിക്ഷാമം, പെന്‍ഷന്‍ സ്ഥിരത, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയെകുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നു.
2050 ഓടെ ചൈനയുടെ ജനസംഖ്യ 130 കോടിയിലേക്ക് ചുരുങ്ങുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചനം. 2100 ഓടെ ജനസംഖ്യ 63.3 കോടിയായി ഈ ചുരുങ്ങുമെന്നും 75 കോടി ആളുകളെ നഷ്ടമാകുമെന്നും ഐക്യരാഷ്ട്രസഭ പറയുന്നുണ്ട്.

ചൈനയുടെ ഒറ്റകുട്ടി നയം
പതിറ്റാണ്ടുകാലത്തോളം ചൈന തുടര്‍ന്നിരുന്ന ഒറ്റകുട്ടി നയം ജനനനിരക്ക് കുറയുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയിരുന്നു. 1980 മുതല്‍ 2015 വരെയാണ് ഒറ്റകുട്ടി നയം നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഇത് പെട്ടെന്ന് തുടച്ചുമാറ്റാന്‍ കഴിയാത്ത ഒരു സാംസ്‌കാരിക മുദ്ര സമൂഹത്തില്‍ പതിപ്പിച്ചിട്ടുണ്ട്. 2016 മുതല്‍ ചൈന ഈ നയം തിരുത്തുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചു. 2016-ല്‍ രണ്ട് കുട്ടികള്‍ വരെയാകാമെന്ന് ചൈന പറഞ്ഞു. 2021 മുതല്‍ അനുവദനീയമായ കുട്ടികളുടെ എണ്ണം മൂന്ന് ആക്കി. ഈ ശ്രമങ്ങള്‍ സാവധാനം യാഥാര്‍ത്ഥ്യമാകുന്നുണ്ടെങ്കിലും ജനസംഖ്യാ ഇടിവിന് അനുസൃതമായി ജനനനിരക്ക് ഉയര്‍ത്താന്‍ ഇതുകൊണ്ടൊന്നും രാജ്യത്തിന് സാധിച്ചിട്ടില്ല.
ജനസംഖ്യാ പ്രതിസന്ധി മറികടക്കുന്നതിന് നിരവധി പരിഷ്‌കരണങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

അവയില്‍ ചിലത് ഇതാ;

  • മാതാപിതാക്കള്‍ക്ക് വഴക്കമുള്ള ജോലിസമയവും വര്‍ക്ക് ഫ്രം ഹോം സൗകര്യവും നല്‍കി.
  • ഒന്നിലധികം കുട്ടികളുള്ളവര്‍ക്ക് മുന്‍ഗണനാ ഭവനങ്ങള്‍ വാഗ്ദാനം ചെയ്തു.
  • ശിശുപരിപാലനവും പ്രീസ്‌കൂള്‍ അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിച്ചു
  • ഐവിഎഫ് പോലുള്ള വന്ധ്യത ചികിത്സക്കും പൊതുജനാരോഗ്യ ഇന്‍ഷുറന്‍സിനുകീഴില്‍ പരിരക്ഷ കൊണ്ടുവന്നു.
  • 2027 ഓടെ വന്‍കിട ആശുപത്രികളില്‍ എപിഡ്യൂറല്‍ നിര്‍ബന്ധമാക്കികൊണ്ട് നയം നടപ്പാക്കി.

എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡി സ്‌കീം വിശാലമായ ലക്ഷ്യത്തെ മുന്നില്‍കണ്ടുള്ളതാണെങ്കിലും അതിന് പരിമിതികളുണ്ടെന്ന് വിദഗ്ദ്ധര്‍ വാദിക്കുന്നു. ഇതുകൊണ്ടുമാത്രം ചൈനയുടെ ജനസംഖ്യാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. താങ്ങാനാവുന്ന നിരക്കിലുള്ള വിദ്യാഭ്യാസം, പ്രാപ്യമായ ശിശു-മാതൃത്വ പരിചരണം, അമ്മമാര്‍ക്ക് ജോലിസ്ഥലത്ത് സംരക്ഷണം, സാമൂഹിക പിന്തുണാസംവിധാനങ്ങള്‍ എന്നിവ ചൈനയ്ക്ക് ആവശ്യമാണെന്ന് അക്കാദമി ഓഫ് മാക്രോ ഇക്കണോമിക് റിസര്‍ച്ചിലെ യാങ് യിയോങ് സിന്‍ഹുവയോട് പറഞ്ഞു. ചൈനയുടെ സബ്‌സിഡി സ്‌കീം ശ്രദ്ധേയമായ നീക്കമാണെങ്കിലും ഇതിനെ പിന്തുണയ്ക്കുന്ന സാമുഹിക പരിഷ്‌കരണങ്ങള്‍ കൂടി നടപ്പാക്കിയില്ലെങ്കില്‍ ഫലമുണ്ടായേക്കില്ലെന്നാണ് വിലയിരുത്തല്‍. ആധുനിക ചൈനീസ് സമ്പദ്‌വ്യവസ്ഥയില്‍ രക്ഷാകര്‍തൃത്വം താങ്ങാനാവുന്നതോ അഭികാമ്യമോ ആണെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്താന്‍ ഇത് പര്യാപ്തമല്ലായിരിക്കാമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ഇന്ത്യ ഇതില്‍ നിന്ന് എന്തുപഠിക്കണം
നിലവില്‍ ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന പദവി ഇന്ത്യയ്ക്കാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ചൈനയുടെ നയപരിഷ്‌കരണങ്ങള്‍ നിര്‍ണായക പാഠമാണ്. ഇന്ത്യയും പ്രത്യുല്‍പാദന മാന്ദ്യം അഭിമുഖീകരിക്കുന്നുണ്ട്. കൂടാതെ നഗരമേഖലകളില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുള്ള ചെലവും ഗണ്യമായി ഉയരുകയാണ്. അടുത്തിടെ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് സ്ഥാപക മീനാല്‍ ഗോയല്‍ കുഞ്ഞിനെ വളര്‍ത്തുന്നതിനുള്ള ചെലവ് സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ ഒരു കുട്ടിയെ വളര്‍ത്താന്‍ 38-45 ലക്ഷം രൂപ വരെയാണ് ഗോയല്‍ കണക്കാക്കിയത്. സ്‌കൂള്‍ ഫീസ്, ട്യൂഷന്‍, കോളേജ്, ജീവിതശൈലി മുതലായവയെ ആശ്രയിച്ച് ഈ ചെലവുകള്‍ 1 കോടി രൂപയ്ക്ക് മുകളില്‍ പോലും വന്നേക്കുമെന്നാണ് മറ്റ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes