Latest News

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിലും ബുമ്ര കളിക്കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍

 ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിലും ബുമ്ര കളിക്കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ജസ്പ്രീത് ബുമ്ര കളിച്ചേക്കും. ബുമ്ര അടക്കം എല്ലാ ബൗളര്‍മാരും ഓവല്‍ ടെസ്റ്റിന് ലഭ്യമാണെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു.. മാഞ്ചസ്റ്ററിലെ ഐതിഹാസ സമനിലയുടെ ആവേശത്തിലാണ് ടീം ഇന്ത്യ. ഒന്നാം ഇന്നിംഗ്‌സില്‍ 311 റണ്‍സ് ലീഡ് വഴങ്ങിയിട്ടും ഇന്ത്യയെ രക്ഷിച്ചത് കെ എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ പതറാത്ത പോരാട്ടം. ജയത്തോളം പോന്ന സമനിലയ്ക്ക് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീര്‍.

ബുമ്ര മൂന്ന് ടെസ്റ്റിലേ കളിക്കൂ എന്നാണ് പരമ്പര തുടങ്ങും മുന്‍പേ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ജോലി ഭാരം കുറയ്ക്കാനാണ് ഈ തീരുമാനം. ആദ്യ നാല് ടെസ്റ്റുകളില്‍ മൂന്നിലും ബുമ്ര കളിച്ചു. മത്സരങ്ങള്‍ക്കിടെ ആവശ്യത്തിന് വിശ്രമം കിട്ടുന്നതിനാല്‍ ഓവലിലും ബുമ്ര കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭ്യമായ ഏറ്റവും മികച്ച ടീമിനെ ഓവലില്‍ അണിനിത്തുമെന്ന് ഗംഭീര്‍. പരമ്പരയിലെ മൂന്ന് ടെസ്റ്റില്‍ നിന്ന് ബുമ്ര 14 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ബുമ്ര കളിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ആകാശ് ചോപ്ര വ്യക്തമാക്കിയിരുന്നു… ”ബുമ്രയുടെ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. നാലാം ടെസ്റ്റ് മത്സരത്തില്‍ ബുംറ ഒരു തവണ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ. ഒരേയൊരു ഇന്നിംഗ്സില്‍ 33 ഓവര്‍ മാത്രമാണ് ബുമ്ര എറിഞ്ഞത്. എത്ര മത്സരങ്ങള്‍ കളിക്കുന്നു എന്നത് മാത്രമല്ല വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ്. എത്ര ഓവറുകള്‍ എറിയുന്നു എന്നതും പ്രധാനമാണ്. ഈ സാഹചര്യത്തില്‍ ബുമ്ര കളിക്കേണ്ടതുണ്ടോ എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്.” ചോപ്ര വ്യക്തമാക്കി.

അടുത്തിടെ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റില്‍ അവസാന ദിവസം ബുമ്ര ക്ഷീണിതനായി ഗ്രൗണ്ട് വിട്ടിരുന്നു. അതിന് ശേഷമാണ് ബുമ്രയെ കൂടുതല്‍ മത്സരങ്ങള്‍ കളിപ്പിക്കേണ്ടെന്ന തീരുമാനം ടീം മാനേജ്മെന്റ് കൈകൊണ്ടത്. ക്രിക്കറ്റ് കരിയറില്‍ അദ്ദേഹത്തെ അലട്ടുന്ന പുറം വേദന അദ്ദേഹത്തെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടുന്നതിന് തടസമായിരുന്നു. ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ബുമ്ര 120 ഓവറുകള്‍ പന്തെറിഞ്ഞു. നാലാം ടെസ്റ്റ് മത്സരത്തില്‍ ബുമ്ര ക്ഷീണിതനായി കാണപ്പെട്ടിരുന്നു. അവസാനമായി ബുമ്രയ്ക്ക് പരിക്കേറ്റപ്പോള്‍, ഏകദേശം നാല് മാസത്തേക്ക് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. നിലവില്‍ ഇന്ത്യക്ക് വലിയ ടൂര്‍ണമെന്റുകളൊന്നുമില്ല. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ്, ടീം 2025 സെപ്റ്റംബറില്‍ ഏഷ്യാ കപ്പ് കളിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes