പരാതിക്കാരിയെ രാത്രി ഫോണിൽ വിളിച്ച് മോശമായി പെരുമാറി, മണ്ണാർക്കാട് ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻ
മണ്ണാർക്കാട്: പരാതിക്കാരിയെ അസമയത്ത് ഫോണില്‍വിളിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി. ജയനെ അന്വേഷണഭാഗമായി സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ജോസ് ആണ് നടപടിയെടുത്തത്. അന്വേഷണത്തിനായി പാലക്കാട് നർക്കോട്ടിക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
നവംബർ 24നാണ് പരാതിക്കിടയായ സംഭവം. രാത്രി 9.15-നാണ് പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് മോശമായി സംസാരിച്ചതെന്ന് പറയുന്നു. ഇതുസംബന്ധിച്ച് മണ്ണാർക്കാട് ഡിവൈ.എസ്.പി.ക്ക്് പരാതി ലഭിച്ചിരുന്നു. തുടർന്ന്, സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറിയിട്ടുള്ളതായും ഇദ്ദേഹം മുൻപും മറ്റൊരു സ്ത്രീയെയും പലതവണ ഫോണില്‍വിളിച്ച് സമാനരീതിയില്‍ സംസാരിച്ചിട്ടുള്ളതായും വകുപ്പുതലത്തില്‍ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ഈ റിപ്പോർട്ടും അനുബന്ധരേഖകളും വിശദമായി പരിശോധിച്ചതില്‍ പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും പോലീസ് സേനയുടെ അന്തസ്സിനും സല്‍പ്പേരിനും അവമതിപ്പുണ്ടാക്കിയതായി ഡി.ഐ.ജി.യുടെ ഉത്തരവില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.