വിവാദ കത്ത്; കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ വി കെ ശ്രീകണ്ഠന്റെ ഒപ്പും
പാലക്കാട്: പാലക്കാട് ഡിസിസിയുടെ വിവാദ കത്തിൽ വഴിത്തിരിവ്. നേതാക്കൾ ഒപ്പുവെച്ച കത്തിന്‍റെ കൂടുതൽ ഭാഗം പുറത്ത്. കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ വി കെ ശ്രീകണ്ഠൻ എംപിയും ഒപ്പുവെച്ചിരുന്നു. മുൻ എംപി വി എസ് വിജയരാഘവൻ, കെ എ തുളസി, സി വി ബാലചന്ദ്രൻ എന്നിവരും ഒപ്പുവെച്ചവരിലുണ്ട്.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംപി കെ മുരളീധരനെയാണ് പാലക്കാട് ഡിസിസി നിര്‍ദേശിച്ചത്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് കത്തിലുള്ളത്. ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കത്തയച്ചിരിക്കുന്നത്. കത്ത് പഴയ കാര്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇപ്പോൾ സ്ഥാനാര്‍ത്ഥിയെന്നും വി കെ ശ്രീകണ്ഠൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഇനി കത്തില്‍ പ്രസക്തിയില്ലെന്നും പാര്‍ട്ടിയില്‍ പല ചര്‍ച്ചയും ആലോചനയും നടക്കും, അതൊന്നും ഇപ്പോള്‍ പ്രശ്‌നമല്ലെന്നുമായിരുന്നു വി കെ ശ്രീകണ്ഠന്റെ പ്രതികരണം. സ്ഥാനാർത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തിൽ ആധികാരികതയില്ലെന്നുമായിരുന്നു പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പ്രതികരിച്ചത്. പഴയകാലത്തെ കത്തുകൾ എടുത്തുകൊണ്ടുവന്ന് കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്നൊന്നും ആരും കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
അതേസമയം, പാലക്കാട് കോൺഗ്രസിലെ കത്ത് വിവാദം പാർട്ടി അന്വേഷിക്കും. ഡിസിസി പ്രസിഡൻറ് കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നത് അന്വേഷിക്കേണ്ട കാര്യമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. കത്ത് ചോർന്നതിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ഉറപ്പാണെന്നും സുധാകരൻ പറഞ്ഞു.