സിപിഐഎം ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം
കൊല്ലം: സിപിഐഎം ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി. കൊല്ലത്ത് മുതിർന്ന നേതാവ് പി രാജേന്ദ്രൻ പതാക ഉയർത്തി. സിപിഐഎം പിബി അംഗം എംഎ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് മുതൽ ഡിസംബർ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നത്.
വിഭാഗീതയതയെ പിരിച്ചുവിട്ട കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയ്ക്ക് കീഴിലുള്ള പ്രതിനിധികളാരും സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. മൂന്നുദിവസത്തെ സമ്മേളനത്തിൽ 450 പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ കെ ബാലൻ, കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ, കെ കെ ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം സ്വരാജ് എന്നിവർ പങ്കെടുക്കും. സമ്മേളന നഗറിൽ പൊതുസമ്മേളനം 12-ന് വൈകിട്ട് 4.30ന് ചേരും.
സംസ്ഥാനത്തെ ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷമാണ് സിപിഐഎം ജില്ലാ സമ്മേളനങ്ങളിലേയ്ക്ക് കടന്നിരിക്കുന്നത്. ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിയ്ക്കുമ്പോൾ ഏതാനും ജില്ലകളിലെ ലോക്കൽ-ഏരിയാ സമ്മേളനങ്ങളിലുണ്ടായ പൊട്ടിത്തെറികൾ ജില്ലാ സമ്മേളനത്തിൽ പ്രതിഫലിച്ചേക്കാം. നേരത്തെ ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ സമ്മേളനങ്ങളിലുണ്ടായ പൊട്ടിത്തെറികൾ വാർത്തായായിരുന്നു. തിരുവനന്തപുരത്തെ മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപിയിലേയ്ക്ക് പോയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സമ്മേളനം ബഹിഷ്കരിച്ച മധു പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. ആലപ്പുഴ ജില്ലയിലും സമ്മേളന കാലയളവിൽ യുവനേതാവ് ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നതും സിപിഐഎമ്മിന് ക്ഷീണമായിരുന്നു.