ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു, നൃത്ത അധ്യാപകന് 52 വർഷം കഠിന തടവ്

തിരുവനന്തപുരം∙ ഏഴു വയസ്സുകാരനെ പീഡിപ്പിച്ച നൃത്ത അധ്യാപകന് 52 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നരവർഷം വെറും തടവ് കൂടി അനുഭവിക്കണം. അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധിന്യായത്തില്‍ പറയുന്നു.
നൃത്തം പഠിക്കാന്‍ പോയ സമയത്തായിരുന്നു ലൈംഗികചൂഷണം നടന്നത്. പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി ഒന്നും പുറത്തുപറഞ്ഞിരുന്നില്ല. അനുജനെയും നൃത്തം പഠിപ്പിക്കാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടമാരായ സുനീഷ് എന്‍., സുരേഷ് എം.ആര്‍. എന്നിവരാണ് അന്വേഷണം നടത്തിയത്.