ഡാര്‍ക്ക് നെറ്റ് ലഹരിക്കേസ്; പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കേരളം നടുക്കിയ ഡാര്‍ക്ക് നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസൺ ബാബു, സുഹൃത്ത് അരുൺ തോമസ്, കെ വി ഡിയോൾ എന്നിവർക്കായുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ (എൻസിബി) കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ഇവരുടെ ഇടപാട് വിപുലമായ നെറ്റ്‌വർക്ക് ആണെന്നും എൻസിബി കോടതിയിൽ അറിയിച്ചു.
കേസിലെ മുഖ്യപ്രതിയായ എഡിസൺ ആദ്യം വ്യക്തിപരമായ ഉപയോഗത്തിനായി ലഹരിമരുന്നു വാങ്ങുകയും പിന്നീട് ഇതിന്റെ വ്യാപാരത്തിലേർപ്പെടുകയുമായിരുന്നു. രണ്ടു വർഷം മുൻപാണ് ഡാർക്ക് വെബ്ബിൽ ‘കെറ്റാമെലോൺ’ എന്ന പേരിൽ എഡിസൺ സ്വതന്ത്ര ബ്രാൻഡ് ആരംഭിച്ചത്. വലിയതോതിൽ ഓർഡറുകൾ സ്വീകരിച്ച് കൃത്യസമയത്ത് ലഹരി വിതരണം നടത്തുന്നത് കെറ്റാമെലോണിന്റെ വിശ്വാസ്യത പിടിച്ചുപറ്റി. ഡാർക്ക് വെബ്ബിലെ ‘ലെവൽ 4’ ലഹരി കടത്തുകാരനായി എഡിസൺ അറിയപ്പെടുകയും, കേരളം ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ലഹരി വിതരണം നടത്തുകയും ചെയ്തതായാണ് കണ്ടെത്തല്‍. ഇതിന് പ്രധാനമായും എറണാകുളം ജില്ലയിലെ നിരവധി പോസ്റ്റ്ഓഫീസുകൾ ഉപയോഗിച്ചിരുന്നു.
എഡിസൺ, അരുൺ തോമസ്, ഡിയോൾ മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ കോളേജിലെ സഹപാഠികളാണ്. സംഘം രൂപംകൊണ്ടത് കോളജ് കാലഘട്ടത്തിലാണ്. ഈ സംഘത്തിന്റെ മുഖ്യ സൂത്രധാരൻ വി ഡിയോളിനെയാണ്. ഡിയോൾ ഓസ്‌ട്രേലിയയിൽ ലഹരിയിടപാടുകൾ നടത്തി കോടികൾ സമ്പാദിച്ചിരുന്നു. വിദേശത്ത് നിന്ന് കെറ്റമിൻ കൊണ്ടുവന്ന് ഓസ്‌ട്രേലിയയിലേക്ക് അയയ്ക്കുന്നതായിരുന്നു ഡിയോളിന്റെ പ്രധാന ബിസിനസ് മോഡൽ. ഇടുക്കി പാഞ്ചാലിമേട്ടിൽ അദ്ദേഹം സ്വന്തമാക്കിയ റിസോർട്ട് ഇതുമായി ബന്ധപ്പെട്ടു ഉപയോഗിച്ചുവെന്നാണ് സൂചന.
‘കെറ്റാമെലോൺ’ വഴി നടത്തിയ വ്യാപാരത്തിൽ വിദേശ ഇടപാടുകളും ഉള്‍പ്പെടുന്നു. ബ്രിട്ടനിലെ ചില ലഹരി വിതരണ സംഘങ്ങളുമായി ബന്ധമുള്ളതാണ് എഡിസൺ സ്വീകരിച്ച എൽഎസ്‌ഡി ഉൾപ്പെടെയുള്ള ലഹരികൾ. പ്രതികൾ രാജ്യാന്തര തലത്തിൽ പ്രവർത്തിച്ചുവെന്നതിനാൽ എൻസിബിക്ക് പുറമേ ഭീകരവിരുദ്ധ സ്ക്വാഡും ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളിൽ നിന്ന് ലഹരി വാങ്ങിയവരുടെ പട്ടികയും ബന്ധങ്ങളും അന്വേഷിക്കുകയാണ് എൻസിബി ഉൾപ്പെടെയുള്ള ഏജൻസികൾ. ഡാർക്ക് നെറ്റ് വഴി നടത്തുന്ന ലഹരി വ്യാപാരത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ കേസുകളിലൊന്നായി ഈ കേസിനെ അവര്‍ വിശേഷിപ്പിക്കുന്നു.
Tag: Darknet drug case; Court to consider custody application of accused today