മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം: മലപ്പുറം പാങ്ങില്‍ രക്ഷിതാക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണമുയര്‍ന്ന ഒരു വയസുകാരന്റെ മരണം മഞ്ഞപിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. രണ്ടു ദിവസത്തിനകം ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം ലഭിക്കുമെന്നാണ് വിവരം.
കോട്ടക്കൽ സ്വദേശികളായ നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. വാടകക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടിൽ വെച്ചായിരുന്നു മരണം. മഞ്ഞപിത്തമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നു. അസുഖം മാറിയതാണെന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. മഞ്ഞപിത്തം ബാധിച്ചപ്പോള്‍ കുഞ്ഞിന് മതിയായ ചികിത്സ നല്‍കിയിരുന്നില്ല.വീട്ടില്‍ നിന്നുള്ള ചികിത്സ മാത്രമാണ് കുഞ്ഞിന് നൽകിയിരുന്നത്. വീട്ടിലെ പ്രസവത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പുകൾ കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.