ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഗാസയിൽ ആക്രമണം

ഗാസ: 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചെങ്കിലും ഗാസയിൽ ആക്രമണം തുടരുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 116 പലസ്തീനികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലോ ഹമാസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
”60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ” എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.