Latest News

‘സംവിധാനം മോഹൻലാൽ’; ബറോസ് ഡിസം. 25ന് തിയേറ്ററുകളിലെത്തും

 ‘സംവിധാനം മോഹൻലാൽ’; ബറോസ് ഡിസം. 25ന് തിയേറ്ററുകളിലെത്തും

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യാൻ ഇനി ഇരുപത്തി എട്ട് ദിവസം മാത്രം. ഇതിനോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും മോഹൻലാൽ പങ്കിട്ടിട്ടുണ്ട്. മോഹൻലാലിനൊപ്പം മറ്റ് കഥാപാത്രങ്ങളെയും പോസ്റ്ററിൽ കാണാം. മോഹൻലാലിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്.

ബറോസ് ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യൽ ലോഞ്ച് 2021 മാർച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വർഷം മാർച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീടത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹൻലാൽ ഔദ്യോ​ഗികമായി അറിയിച്ചു. പക്ഷേ ഇതിലും മാറ്റം വരികയായിരുന്നു.

ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയൻ നാദസ്വരമാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ.

അതേസമയം, മഹേഷ് നാരായണൻ ചിത്രത്തിലാണ് അടുത്തിടെ മോഹൻലാൽ അഭിനയിച്ചത്. ശ്രീലങ്കയിൽ വച്ചാണ് ഷൂട്ടിം​ഗ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, മമ്മൂട്ടി എന്നിവരും സിനിമയിലുണ്ട്. പൃഥ്വിരാജിൻറെ എമ്പുരാൻ, തരുൺ മൂർത്തിയുടെ തുടരും തുടങ്ങിയ സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കണ്ണപ്പ എന്നൊരു ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes