ഭിന്നതയ്ക്ക് ശ്രമിക്കുന്നയാളുകള്‍ ഒറ്റപ്പെട്ട് പോകും; അബ്ദുസമദ് പൂക്കോട്ടൂര്‍
മലപ്പുറം: കോഴിക്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയില്‍ എല്ലാവരേയും ഒന്നിപ്പിച്ചു നിര്ത്താനെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ജിഫ്രി തങ്ങളെയും രണ്ട് ഭാഗത്ത് നിര്‍ത്താനുള്ള നീക്കത്തെ തടയുകയാണ് ലക്ഷ്യമെന്നും സമസ്തയില്‍ പിളര്‍പ്പ് ഉണ്ടാവില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഭിന്നതയ്ക്ക് ശ്രമിക്കുന്നയാളുകള്‍ ഒറ്റപ്പെട്ട് പോകും. ഉമര്‍ഫൈസിയുടെ വിഷയം മാത്രമല്ല. ലീഗിനേയും സമസ്തയെയും രണ്ടാക്കാന്‍ ചില രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടുര്‍ പറഞ്ഞു.
‘മുസ്ലീം ലീഗിനേയും സമസ്തയേയും രണ്ടാക്കിയല് ഗുണം ലഭിക്കുന്ന കൂട്ടര് ഉണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും ജിഫ്രി തങ്ങളേയും രണ്ട് ഭാഗത്ത് നിര്‍ത്താനുള്ള നീക്കത്തെ തടയുകയാണ് ലക്ഷ്യം. ഉമര്‍ ഫൈസി മുക്കത്തിന് എതിരായി കൂട്ടായ്മയെ ചുരുക്കേണ്ടതില്ല. സമസ്തയില്‍ പിളര്പ്പുണ്ടാക്കുകയല്ല കൂട്ടായ്മയുടെ ലക്ഷ്യം. ലീഗുമായി സമസ്ത പ്രശ്നത്തിലേക്ക് പോകരുതെന്ന് മുശാവറ എഴുതിയ കയ്യെഴുത്തു രേഖ നിലവിലുണ്ട്. അതിപ്പോള്‍ പിന്തുടരുന്നുണ്ടോ എന്ന് പരിശോധിക്കണം. സമസ്ത അധ്യക്ഷനെയാണ് സിപിഐഎം മുന്നില്‍ നിര്‍ത്തുന്നത് എന്ന അഭിപ്രായമില്ല. ആദര്‍ശ സമ്മേളനത്തിന്റെ പേരില്‍ നടക്കുന്ന വിഭാഗീയ പ്രവണതകള്‍ തടയുകയാണ് ലക്ഷ്യം’, അബ്ദുസമദ് പൂക്കോട്ടുര്‍ പറഞ്ഞു.
സമസ്തയേയും ലീഗിനേയും വേര്‍തിരിക്കാന്‍ രാഷ്ട്രീയകക്ഷി നീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 1989 ലും സമാന സാഹചര്യമുണ്ടായിരുന്നു. പിളര്‍പ്പില്ലെന്നും അങ്ങനെ പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.