100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി; കിട്ടിയത് പോര, ഭര്‍തൃവീട്ടുകാരുടെ പീഡനം, നവവധു ജീവനൊടുക്കി

തിരുപ്പൂർ∙ സ്ത്രീധന പീഡനത്തെത്തുടർന്ന് തമിഴ്നാട് തിരുപ്പൂരിൽ നവവധു ജീവനൊടുക്കി. തിരുപ്പൂർ സ്വദേശിനി റിധന്യ (27) ആണ് മരിച്ചത്. മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് വിവരം. ഏറെ നേരമായി കാർ വഴിയോരത്ത് കിടക്കുന്നതു കണ്ടതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർതൃവീട്ടുകാരുടെ പീഡനം വിവരിച്ച് ജീവനൊടുക്കുന്നതിനു മുൻപ് റിധന്യ പിതാവ് അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഭർത്താവ് തന്നെ ശാരീരികമായും ഭർതൃവീട്ടുകാർ മാനസികമായും പീഡിപ്പിക്കുന്നുവെന്നും മാതാപിതാക്കൾക്കു ഭാരമായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുന്നതെന്നും സന്ദേശത്തിൽ റിധന്യ പറയുന്നുണ്ട്.
ഈ വർഷം ഏപ്രിലിലായിരുന്നു 28 വയസ്സുകാരൻ കവിൻ കുമാറുമായി റിധന്യയുടെ വിവാഹം. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ വോൾവോ കാറുമാണ് സ്ത്രീധനമായി നൽകിയത്. റിധന്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു. മകൾക്ക് നീതി വേണമെന്നാവശ്യപെട്ട് മാതാപിതാക്കൾ രംഗത്തെത്തി. റിധന്യയുടെ ഭർത്താവ് കവിൻ കുമാർ, മാതാപിതാക്കളായ ഈശ്വരമൂർത്തി, ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.