മാധ്യമപ്രവർത്തകനെന്ന വ്യാജേന അകത്ത് കടന്ന് ഒരാൾ; റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാർത്താ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. മാധ്യമപ്രവർത്തകൻ എന്ന വ്യാജേന എത്തിയ ആൾ ഡിജിപിയുടെ മുമ്പിലെത്തി പരാതി ഉയർത്തിക്കാട്ടി ചോദ്യം ഉന്നയിച്ചു. നടപടിയെടുക്കാം എന്ന് ഡിജിപി മറുപടി നൽകിയെങ്കിലും അദ്ദേഹം വീണ്ടും അവിടെത്തന്നെ നിലയുറപ്പിച്ചപ്പോൾ പോലീസ് ഇടപെട്ട് മാറ്റുകയായിരുന്നു.
‘‘മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തിരുന്നു. 30 വർഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ. 30 കൊല്ലം ഞാൻ അനുഭവിച്ച വേദനയാണ് സാർ..’’പരാതിക്കാരൻ വിളിച്ചു പറഞ്ഞു. ചില ചിത്രങ്ങളും ഇയാൾ പരാതി ഉയർത്തിക്കാട്ടി. പോലീസെത്തി ഇയാളെ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി.
പോലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോൺഫറൻസ് ഹാളിലായിരുന്നു വാർത്താ സമ്മേളനം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇയാൾ ചോദ്യങ്ങൾ ഉന്നയിച്ചത്. ചോദ്യം അവ്യക്തമായിരുന്നു. കൈയിലുണ്ടായിരുന്ന പേപ്പറുകൾ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതിൽ അസ്വാഭാവികത തോന്നിയതോടെ പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ മാറ്റുകയായിരുന്നു.