ലഹരിക്കേസ്: നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും നോട്ടീസ് അയച്ചിരുന്നു. പ്രാഥമിക ഘട്ട ചോദ്യം ചെയ്യലായിരിക്കും ഇന്ന് നടക്കുകയെന്നാണ് വിവരം.
ഗുണ്ടാ നേതാവും ലഹരിക്കേസ് പ്രതിയുമായ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ ഇരുവരും എന്തിന് എത്തി എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. അതോടൊപ്പം ഇരുവരും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന കാര്യത്തിലും കൃത്യമായ വിവരമില്ല. ഇക്കാര്യങ്ങളാകും പൊലീസ് ഇരുവരോടും ആരായുക. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയോട് പത്തും പ്രയാഗ മാര്‍ട്ടിനോട് പതിനൊന്നും മണിക്ക് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ തന്നെ അസൗകര്യത്തില്‍ സമയം മാറ്റുകയായിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് ലഭിച്ച സാമ്പിളിന്റെ റിസള്‍ട്ട് പരിശോധിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഓം പ്രകാശിന്റെ മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ പതിനേഴോളം പേരുടെ മൊഴിയെടുത്തതായാണ് വിവരം.