Latest News

മരുഭൂമിയെ വീണ്ടും ഹരിതാഭമാക്കാൻ ദുബായ്; ആറ് മാസത്തിനുള്ളില്‍ എമിറേറ്റിൽ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍

 മരുഭൂമിയെ വീണ്ടും ഹരിതാഭമാക്കാൻ ദുബായ്; ആറ് മാസത്തിനുള്ളില്‍ എമിറേറ്റിൽ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍

മരുഭൂമിയില്‍ ഹരിതവസന്തം വിരിയിക്കാന്‍ വന്‍ വനവല്‍ക്കരണ പദ്ധതി നടപ്പാക്കി ദുബായ്. ഈ വര്‍ഷം ആറ് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ് ദുബായിൽ നട്ടുപിടിപ്പിച്ചത്. പ്രധാന റോഡുകളിലാണ് വനവല്‍ക്കരണ ക്യാമ്പെയിനിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാല പാരിസ്ഥിതിക നേട്ടങ്ങള്‍ മുന്നില്‍കണ്ടും മനോഹരമായ ഹരിതഭംഗി ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നഗരത്തെ കൂടുതല്‍ സുസ്ഥിരവും വാസയോഗ്യവുമാക്കുന്നതിനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയത് ദുബായ് മുനിസിപ്പാലിറ്റിയാണ്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയിലാണ് ഇത്രയധികം മരങ്ങള്‍ ദുബായ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത്. ചെടികളുടെ തിരഞ്ഞെടുപ്പും ആസൂത്രിതമായാണ് ചെയ്തിരിക്കുന്നത്. തദ്ദേശീയമായ ഇനങ്ങളും സൗന്ദര്യത്തിനും വൈവിധ്യത്തിനുമായി അലങ്കാര വൃക്ഷങ്ങളും സന്തുലിതമായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഗ്രീന്‍ ദുബായ് ഇനിഷ്യേറ്റീവിന്റെയും ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ഏകദേശം 30 ലക്ഷം ചതുരശ്രമീറ്ററിലാണ് വനവല്‍ക്കരണം സാധ്യമാക്കിയിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം മരങ്ങള്‍ക്കുപുറമേ വിത്തുച്ചെടികളും നട്ടിട്ടുണ്ട്. 2,22,500 ചതുരശ്ര മീറ്ററില്‍ സീസണല്‍ പൂക്കളും പുല്‍ത്തകിടിയുമാണ് ഒരുക്കിയിട്ടുള്ളത്. സന്ദര്‍ശകര്‍ക്ക് ഇത് കാഴ്ച്ചയുടെ വസന്തം തീര്‍ക്കും. ഏകദേശം 190 മില്യണ്‍ യുഎഇ ദിര്‍ഹമാണ് പദ്ധതി നടത്തിപ്പിനായി ചെലവഴിച്ചിരിക്കുന്നത്.

സുസ്ഥിര ഭൂഗര്‍ഭ പമ്പ് ജലസേചന സംവിധാനങ്ങള്‍ വഴിയാണ് പദ്ധതിക്കാവശ്യമായ വെള്ളം എത്തിക്കുന്നത്. ഇതിനായി നഗരം സ്മാര്‍ട്ട് വാട്ടര്‍ മാനേജ്‌മെന്റ് ഉപയോഗപ്പെടുത്തി. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) അധിഷ്ടിത റിമോട്ട് കണ്‍ട്രോള്‍ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചാണ് ജലസേചന സംവിധാനം പ്രവര്‍ത്തിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം കൃത്യമായി നിരീക്ഷിക്കാനും ഓരോ ചെടിക്കും ജല ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ജലം സംരക്ഷിക്കാനും ഈ സംവിധാനം സഹായകമാകും. ദുബായിയിലെ വരണ്ട കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലാണ് ജലസേചന സംവിധാനം ഒരുക്കിയിരിക്കുന്നത്.

മരങ്ങള്‍ നടുന്നത് എവിടെ?

  • അല്‍ ഖൈല്‍ റോഡ്, ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റ്
  • ഷെയ്ഖ് സയ്ദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റ്, ട്രിപോളി സ്ട്രീറ്റ്
  • ഷെയ്ഖ് റാഷിദ് സ്ട്രീറ്റ് (ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് സ്ട്രീറ്റ് മുതല്‍ എഐ മിന റോഡ് വരെ)
  • ഷെയ്ഖ് സയ്ദ് റോഡ് (7th ഇന്റര്‍ചേഞ്ച്, അബുദാബിയില്‍ നിന്ന് ദുബായ് ഗേറ്റ് വേ വരെ)

നഗര, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് മരങ്ങള്‍ നട്ടിരിക്കുന്നത്. പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നും ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള പബ്ലിക് ഫെസിലിറ്റീസ് ഏജന്‍സി സിഇഒ ബാദര്‍ അന്‍വാഹി പറഞ്ഞു. ദുബായ് മുനിസിപ്പാലിറ്റിയിലെ നഴ്‌സറികളില്‍ നിന്നുതന്നെയാണ് മിക്ക ചെടികളും തിരഞ്ഞെടുത്തിട്ടുള്ളത്. ദുബായ് നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളുടെ ഭംഗി ഏകീകരിക്കാന്‍ അലങ്കാര ചെടികളുടെ വേലിയൊരുക്കിയതായും ഇത് ശ്രദ്ധയോടെയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സന്ദര്‍ശകരെ ഈ കാഴ്ച്ചകള്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്?
ആറ് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുകയെന്നത് ഒരു സാധാരാണ കാര്യമല്ല. ഇതിന് വലിയൊരു ടീം തന്നെ ആവശ്യമാണ്. പദ്ധതി നടത്തിപ്പില്‍ എത്ര തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കൃത്യമായ കണക്ക് ദുബായ് മുനിസിപ്പാലിറ്റി പുറത്തുവിട്ടിട്ടില്ല. ഡസണ്‍കണക്കിന് പ്രോജക്ട് പ്ലാനര്‍മാരും ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റുകളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 100 കണക്കിന് ഫീല്‍ഡ് വര്‍ക്കര്‍മാരും എക്യുപ്‌മെന്റ് ഓപ്പറേറ്റര്‍മാരും നഴ്‌സറി ജീവനക്കാരും പദ്ധതിക്കായി പ്രയത്‌നിച്ചു. ഇറിഗേഷന്‍ എഞ്ചിനീയര്‍മാരും ടെക്‌നീഷ്യന്‍മാരും സ്മാര്‍ട്ട് ജലസേചന സംവിധാനത്തിനായി പ്രവര്‍ത്തിച്ചു.

ദുബായ് നഗരത്തിന്റെ സന്ദര്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അഹമ്മദ് ബിന്‍ ഖാലിദ അറിയിച്ചു. സുസ്ഥിര ആഗോള നഗരമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ഊട്ടിഉറപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും മര്‍വാന്‍ വ്യക്തമാക്കി. ആരോഗ്യകരമായ ആവാസവ്യവസ്ഥ ഒരുക്കികൊണ്ട് പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഉന്നത നിലവാരത്തിലുള്ള ജീവിതസൗകര്യം വാഗ്ദാനം ചെയ്യാനാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2024-ല്‍ 2,16,500 മരങ്ങള്‍ ദുബായ് നട്ടുപിടിപ്പിച്ചിരുന്നു. ഏകദേശം 600 മരങ്ങളാണ് ഒരു ദിവസം നട്ടത്. 2025-ന്റെ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ലക്ഷത്തിലധികം മരങ്ങള്‍ നടാനായി. 2025-ന്റെ ആദ്യ പാദത്തില്‍ 55 ലക്ഷം മരങ്ങളും ചെടിത്തൈകളുമാണ് ദുബായ് മുനിസിപ്പാലിറ്റി പരിപാലിക്കുന്നത്. 87 ലക്ഷം ചതുരശ്ര മീറ്റര്‍ ഗ്രീന്‍ ഏരിയയാണ് ഇവിടെയുള്ളത്. ഇതില്‍ 20 ലക്ഷം ചതുരശ്ര മീറ്റര്‍ സീസണല്‍ പൂക്കളാണ്. 63 ലക്ഷം ചതുരശ്ര മീറ്ററില്‍ പുല്‍ത്തകിടികളും ദുബായ് മുനിസിപ്പാലിറ്റി പരിപാലിക്കുന്നുണ്ട്.

2024-ല്‍ 391.5 ഹെക്റ്റര്‍ ആയിരുന്നു ദുബായ് നഗരത്തിന്റെ ഗ്രീന്‍ സ്‌പേസ്. 2023-ല്‍ ഇത് 234 ഹെക്ടര്‍ ആയിരുന്നു. ഒരു വര്‍ഷംകൊണ്ട് ഗ്രീന്‍ സ്‌പേസില്‍ 67 ശതമാനം വര്‍ദ്ധനയുണ്ടായി. ‌

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes