അനിൽ അംബാനിക്കെതിരെ ഇഡി, 3000 കോടി ബാങ്ക് വായ്പ തട്ടിപ്പിൽ നടപടി

ബാങ്ക് വായ്പ തട്ടിപ്പിൽ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ദില്ലിയിലും മുംബൈയിലുമായി 35 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. 3000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പെന്നാണ് ഇഡി വൃത്തങ്ങൾ വിശദീകരിക്കുന്നത്. യെസ് ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ് നടന്നത്. യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുൾപ്പെടും. 2017നും 2019നും ഇടയിൽ യെസ് ബാങ്ക് അനുവദിച്ച ഏകദേശം 3,000 കോടി രൂപയുടെ വായ്പകൾ ഷെൽ സ്ഥാപനങ്ങളിലേക്കും മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി ഇ.ഡി സംശയിക്കുന്നു.
യെസ് ബാങ്ക് ഉദ്യോഗസ്ഥരും പ്രൊമോട്ടറും ഉൾപ്പെടെയുള്ളവർക്ക് കൈക്കൂലി നൽകിയതിനും ബാങ്കിൻ്റെ വായ്പാ അനുവദിക്കുന്നതിൽ ഗുരുതരമായ വീഴ്ചകൾക്കും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വായ്പ രേഖകളിൽ തിയതി തിരുത്തി, ശരിയായ പരിശോധന നടത്തിയില്ല, സാമ്പത്തികമായി ദുർബലമായ നിലയിലുള്ള കമ്പനിക്ക് വായ്പ നൽകി തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്. വായ്പാ വ്യവസ്ഥകളുടെ ലംഘനങ്ങളുണ്ടെന്ന് ഇ.ഡി കണ്ടെത്തി. അനിൽ അംബാനിയുടെ റിലയൻസുമായി ബന്ധപ്പെട്ട 50-ൽ അധികം കമ്പനികളും 25 വ്യക്തികളും നിലവിൽ അന്വേഷണത്തിലാണ്.