ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെതിരെ വീണ്ടും വിമർശനവുമായി മസ്ക്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള വാഗ്വാദം കൂടുതൽ രൂക്ഷമാകുന്നു. ട്രംപിന്റെ വിവാദമായ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെതിരെയാണ് ഇലോൺ മസ്ക് വീണ്ടും ശക്തമായ വിമർശനം ഉന്നയിച്ചത്. ബിൽ പാസായാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മസ്ക് മുന്നറിയിപ്പ് നൽകി.
ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ അവസാനവട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇലോൺ മസ്ക് വീണ്ടും വിമർശനവുമായി എത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മസ്ക് കർശനമായ മുന്നറിയിപ്പ് നൽകിയത്.
സർക്കാർ ചെലവുകൾ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും വലിയ കടം സൃഷ്ടിക്കാനുള്ള ബില്ലിനെനെ പിന്തുണച്ച് വോട്ട് ചെയ്യുന്ന കോൺഗ്രസ് അംഗങ്ങൾ ലജ്ജിക്കേണ്ടതുണ്ട്. എന്നാണ് മസ്ക് എക്സിൽ കുറിച്ചത്. ബില്‍ പാസാക്കിയാല്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും മസ്ക് ഭീഷണി മുഴക്കി. നമ്മുടെ രാജ്യത്തിന് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി ഒരു ബദൽ ആവശ്യമാണ്. അതുവഴി ജനങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു ശബ്ദമുണ്ടാകുമെന്നും മസ്ക് കൂട്ടിച്ചേർത്തു.
ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ പ്രതിരോധം, ഊർജ ഉത്പാദനം, അതിർത്തി സുരക്ഷ തുടങ്ങിയ മേഖലകളിൽ കൂടുതൽ ധനസഹായം ആവശ്യപ്പെടുന്ന ഒന്നാണ്. ഇതോടൊപ്പം ആരോഗ്യസംരക്ഷനത്തിനും പോഷകാഹാര പദ്ധതികൾക്കുമായി നിശ്ചയിച്ച ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതിനും ബിൽ ലക്ഷ്യമിടുന്നു. ആരോഗ്യസംരക്ഷണത്തിലും അതിർത്തി സുരക്ഷയിലും വലിയ മാറ്റമാണ് ബിൽ ലക്ഷ്യമിടുന്നത്. ജൂലൈ 4ന് മുമ്പ് സെനറ്റിൽ ബിൽ പാസാക്കാൻ ട്രംപിന്റെ നീക്കം.