ഏരിയാ സമ്മേളനത്തിൽ ഇ.പിയെ വേദിയിലിരുത്തി രൂക്ഷ വിമർശനം
കണ്ണൂർ: സിപിഎം കണ്ണൂർ ഏരിയാസമ്മേളനത്തില്‍ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെ വേദിയിലിരുത്തി അതിരൂക്ഷ വിമർശനം ഉന്നയിച്ച് നേതാക്കള്‍. പാലക്കാട് ഉപ തെരഞ്ഞെടുപ്പ് വേളയില്‍ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ഇപിയുടെ കട്ടൻ ചായയും പരിപ്പുവടയുമെന്ന ആത്മകഥയിലൂടെ ചില ഭാഗങ്ങള്‍ പുറത്തുവന്നതിലൂടെ സംഭവിച്ചതെന്ന് ചില പ്രതിനിധികള്‍ സംഘടനാ ചർച്ചയില്‍ ചൂണ്ടിക്കാട്ടി. ഇപി ജയരാജനെപ്പോലുള്ള നേതാക്കള്‍ പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി താൻ കൂടിക്കാഴ്ച്ച നടത്തിയെന്ന് ഇപി ജയരാജൻ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത് എല്‍ഡിഎഫിന് തിരിച്ചടിയായി. അച്ചടക്കലംഘനം നിരന്തരം നടത്തുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് സമ്മേളന പ്രതിനിധികളില്‍ ചിലർ ചർച്ചയില്‍ ആവശ്യപ്പെട്ടു.
കണ്ണൂർ കോർപറേഷന്റെ വികസന വിരുദ്ധനടപടികള്‍ക്കെതിരെ അണിചേരണമെന്നും സിപിഎം കണ്ണൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർമിച്ച പാർക്കിങ് കേന്ദ്രങ്ങള്‍ പ്രവർത്തനക്ഷമമാക്കുക, പയ്യാമ്പലം ശ്മശാനത്തിലെ പരിമിതികള്‍ പരിഹരിക്കുക, അടച്ചിട്ട വൈദ്യുതി ശ്മശാനം പ്രവർത്തിപ്പിക്കുക, ജവഹർ സ്റ്റേഡിയം ശോച്യാവസ്ഥ പരിഹരിക്കുക, ചാല് ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുക, സിറ്റി റോഡ് ഇപ്രൂവ്മെന്റ് പദ്ധതി വേഗത്തില്‍ പൂർത്തിയാക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
ചർച്ചയില്‍ 35 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവർ മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, സംസ്ഥാന കണ്ട്രോള് കമീഷൻ ചെയർമാൻ എൻ ചന്ദ്രൻ, കെ പി സഹദേവൻ, എം പ്രകാശൻ, കെ വി സുമേഷ് എംഎല്‍എ, എൻ സുകന്യ, പി രമേശ് ബാബു, എ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മുന്നുനിരത്തുനിന്ന് പ്രകടനവും വളന്റിയയർ മാർച്ചും ആരംഭിച്ചു. ചാല്‍ബീച്ചിലെ കല്ലേൻ പവിത്രൻ നഗറില്‍ പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ എംഎല്‍എ ഉദ്ഘാടനംചെയ്തു.
സിപിഎം കണ്ണൂർ ഏരിയാ സെക്രട്ടറിയായി കെപി സുധാകരനെ സമ്മേളനം തെരഞ്ഞെടുത്തു. 20 അംഗ ഏരിയാ കമ്മിറ്റിയെയും 23 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. പി രമേശ്ബാബു, കെ ഗിരീഷ്കുമാർ, പോത്തോടി സജീവൻ, പി പ്രശാന്തൻ, കെ ഷഹറാസ്, ഒകെ വിനീഷ്, കാടൻ ബാലകൃഷ്ണൻ, കൊല്ലോൻ മോഹനൻ, കെ ലത, കപ്പള്ളി ശശിധരൻ, എഎൻ സലീം, എ സുരേന്ദ്രൻ, കെവി ഉഷ, എപി അൻവീർ, കെ മോഹിനി, വി രാജേഷ്പ്രേം, എംടി സതീശൻ, എം ശ്രീരാമൻ, വിഷ്ണു ജയൻ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങള്‍.