Latest News

മുളകുപൊടി വിതറി പണം തട്ടൽ; പരാതിക്കാരനും സുഹൃത്തും പ്രതി

 മുളകുപൊടി വിതറി പണം തട്ടൽ; പരാതിക്കാരനും സുഹൃത്തും പ്രതി

കോഴിക്കോട്: എലത്തൂർ കാട്ടില്‍ പീടികയില്‍ മുഖത്ത് മുളകുപൊടി വിതറി കാറില്‍ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരൻ തന്നെയെന്ന് പോലീസ്. പരാതിക്കാരനായ സുഹൈലും കൂട്ടാളികളും ചേർന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയില്‍ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസില്‍ വഴിത്തിരിവായത്.

75 ലക്ഷം രൂപ നഷ്ടമായി എന്ന് എ.ടി.എം. കമ്പനി സ്ഥിരീകരിച്ചതോടെ പോലീസ് വിശദമായി അന്വേഷണം നടത്തുകയും സുഹൈലും താഹയും മറ്റൊരാളും ചേർന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതേതുടർന്ന് സുഹൈലിന്റെ അറസ്റ്റ് കൊയിലാണ്ടി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറില്‍ മുളക് പൊടി വിതറാനും കൈ കെട്ടാനും സഹായിച്ച ഒരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കി തുകയ്ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

എ.ടി.എമ്മില്‍ നിറയ്ക്കാൻ കൊണ്ടുപോയ 72.40 ലക്ഷം രൂപ അജ്ഞാതരായ രണ്ടുപേർ തന്നെ ബന്ദിയാക്കിയശേഷം കൈക്കലാക്കിയെന്നാണ് തിക്കോടി ആവിക്കല്‍ റോഡ് സുഹാന മൻസില്‍ സുഹൈല്‍ (25) കൊയിലാണ്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആദ്യം 25 ലക്ഷമെന്നാണ് പറഞ്ഞിരുന്നത്. കേസന്വേഷണത്തിനായി റൂറല്‍ എസ്.പി. പി. നിധിൻ രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്വാഡ് രൂപവത്കരിച്ചു. ശനിയാഴ്ച രാത്രിതന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സുഹൈലിനെ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച്‌ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: പരാതിക്കാരനായ സുഹൈല്‍ ഇന്ത്യ വണ്‍ എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന ഏജൻസിയിലെ ജീവനക്കാരനാണ്. പയ്യോളി സ്വദേശി മുഹമ്മദാണ് ഇന്ത്യ വണ്‍ എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നത് കരാറെടുത്തത്. എ.ടി.എമ്മില്‍ നിറയ്ക്കുന്നതിനായി ബാങ്കില്‍നിന്ന് പിൻവലിച്ച പണവുമായി കെ.എല്‍.56 ഡബ്ള്യു 3723 നമ്പർ കാർ ഓടിച്ച്‌ ശനിയാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയില്‍നിന്ന് അരിക്കുളം കുരുടിമുക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് കാർ അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റം കയറുന്നതിനിടയില്‍ പർദധരിച്ച്‌ നടന്നുവരുകയായിരുന്ന രണ്ടുപേരില്‍ ഒരാള്‍ കാറിന്റെ ബോണറ്റിലേക്കു വീണു. സുഹൈല്‍ കാർ നിർത്തിയപ്പോള്‍ പർദധരിച്ച മറ്റേയാള്‍ കാറിന്റെ അല്പം ഉയർത്തിയ ചില്ലിനുള്ളിലൂടെ അകത്തേക്ക് കൈയിട്ട് പരാതിക്കാരന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതിനിടയില്‍ മറ്റേയാള്‍ കാറിന്റെ പുറകില്‍ക്കയറി പരാതിക്കാരനെ കാറിന്റെ പിൻസീറ്റിലേക്ക് വലിച്ചിട്ടശേഷം കാലും കൈയും കെട്ടിയിട്ട് ശരീരമാസകലം മുളകുപൊടിവിതറി. തുടർന്ന് ബോധരഹിതനാക്കി കാർ അവർ ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ കാറിന്റെ മുൻസീറ്റില്‍ ബാഗില്‍വെച്ചിരുന്ന തുക കവർച്ചചെയ്തശേഷം സുഹൈലിനെ കാട്ടിലപ്പീടികയില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്. കാട്ടിലപ്പീടിക മുജാഹിദ് പള്ളിക്കു സമീപം ശനിയാഴ്ച വൈകുന്നേരം 3.30-ഓടെയാണ് സുഹൈലിനെ കാറില്‍ കണ്ടത്. ഇയാളുടെ ശരീരത്തിലും കാറിനുള്ളിലും മുളകുപൊടി വിതറിയനിലയിലായിരുന്നു. കൈയും കാലും കയറുകൊണ്ട് ബന്ധിച്ചിരുന്നു. നാട്ടുകാർ ചേർന്ന് കെട്ടഴിച്ചശേഷമാണ് പുറത്തേക്കെത്തിച്ചത്. സാധാരണ എ.ടി.എമ്മില്‍ പണം നിറയ്ക്കാൻപോകുമ്പോൾ തന്നോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകുമായിരുന്നെന്നും ശനിയാഴ്ച അദ്ദേഹം അവധിയായതിനാല്‍ ഒറ്റയ്ക്കാണ് പോയതെന്നുമാണ് സുഹൈല്‍ പോലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes